Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തങ്ങൾ നേരിടാൻ അഗ്നിശമന സേനയ്ക്കു കമാൻഡോ വിഭാഗം

MOOZHIYAR

തിരുവനന്തപുരം∙ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ അഗ്നിശമന സേന കമാൻഡോകൾ ഉൾപ്പെട്ട 100 അംഗ പ്രത്യേക കരുതൽ വിഭാഗം രൂപീകരിക്കുന്നു. അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രൻ മുഖ്യമന്ത്രിക്കു നൽകിയ ശുപാർശ സർക്കാർ തത്വത്തിൽ അംഗീകരിച്ചു. 

ഉരുൾപൊട്ടൽ, ഭൂമികുലുക്കം, വെള്ളപ്പൊക്കം, പ്രളയം, കെട്ടിടം തകർന്നു വീഴൽ, വാതക ചോർച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാനാണു കരുതൽ സേന. ഇവർക്കു സംസ്ഥാനത്തിനകത്തും പുറത്തും കമാൻഡോ ഓപ്പറേഷനുള്ള വിദഗ്ധ പരിശീലനം നൽകും. സർക്കാർ ഉടൻ തസ്തിക അനുവദിച്ചില്ലെങ്കിൽ നിലവിലെ സേനാ അംഗങ്ങളിൽനിന്നു 100 പേരെ തിരഞ്ഞെടുത്തു പരിശീലനം നൽകാനാണ് ആലോചന. പ്രളയം കനത്ത നാശനഷ്ടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് അഗ്നിശമന സേനയ്ക്കു പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള തീരുമാനം. 

സേനയെ ആധുനികീകരിക്കുന്നതിനുള്ള റിപ്പോർട്ടും സർക്കാരിനു നൽകിയിട്ടുണ്ട്. 62.72 കോടി രൂപയുടെ ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കണമെന്നാണു നിർദേശം. തുടക്കത്തിൽ 100 പേർക്കാണു സ്പെഷൽ ടാസ്ക് ഫോഴ്സിലേക്കു പരിശീലനം. ഘട്ടം ഘട്ടമായി എണ്ണം വർധിപ്പിക്കും. ഭാവിയിൽ എല്ലാ ജില്ലകളിലും പരിശീലനം നേടിയ സേനാംഗങ്ങളെ ആധുനിക ഉപകരണങ്ങളോടൊപ്പം വിന്യസിക്കും. സഞ്ചരിക്കാൻ പ്രത്യേകം വാഹനങ്ങളും നൽകും.

പ്രളയ ദുരന്തത്തിൽ സേനയ്ക്ക് ഏറ്റവും പ്രയോജനപ്പെട്ടതു റബർ ഡിങ്കികളും സ്കൂബാ സെറ്റുകളുമായിരുന്നു. എന്നാൽ വകുപ്പിനു റബർ ഡിങ്കികളും സ്കൂബാ സെറ്റുകളും കുറവാണെന്നും ഇവ എത്തിക്കാൻ മതിയായ വാഹനങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതു സ്ഥലത്തും സഞ്ചരിക്കാൻ കഴിയുന്ന 50 ഓൾ ടെറൈൻ വാഹനങ്ങൾ, 375 സ്കൂബാ സെറ്റും ഡൈവിങ് സ്യൂട്ടും, 30 ഫൈബർ ബോട്ടും എൻജിനും, ആറു വാഹനങ്ങൾ, 100 ഹൈഡ്രോളിക് റെസ്ക്യൂ ടൂൾ കിറ്റ്, ഉപകരണങ്ങൾ കൊണ്ടുപോകാൻ ആറു വാഹനം, കോൺക്രീറ്റ് പൊട്ടിക്കുന്നതിനുള്ള 60 ചുറ്റിക, 80 റബർ ഡിങ്കി ഔട്ട് ബോർഡ് എൻജിൻ എന്നിവ അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 

മലയോര മേഖലകളിൽ കൂടുതൽ സ്റ്റേഷനുകൾ േവണം. വയനാടു ജില്ലയിൽ പരിമിത സൗകര്യങ്ങൾ മാത്രമേ സേനയ്ക്കുള്ളൂ. അപകട സാധ്യത കൂടിയ തൊണ്ടർകാട്, വൈത്തിരി, പുൽപള്ളി എന്നിവിടങ്ങളിൽ പുതിയ സ്റ്റേഷനുകൾ ആരംഭിക്കണം. 

സേനയിലെ എല്ലാവർക്കും സർവീസിൽ പ്രവേശിക്കുമ്പോൾ മുതൽ ജലരക്ഷാ പ്രവർത്തനത്തിനും സ്കൂബാ ഡൈവിങ്ങിനും പരിശീലനം നൽകണമെന്നാണു മറ്റൊരു നിർദേശം. ഇതിനായി ഫോർട്ട് കൊച്ചിയിലെ പരിശീലന കേന്ദ്രം വികസിപ്പിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ട്രെയ്നിങ് വാട്ടർ റെസ്ക്യൂ എന്ന നിലയിൽ സ്ഥാപനത്തെ ഉയർത്തണം. ഒഡീഷയിൽ 1999ലെ ദുരന്തത്തിനുശേഷം തുടങ്ങിയ അഗ്നിശമനസേനാ പരിശീലന കേന്ദ്രത്തിന്റെ മാതൃക കേരളവും സ്വീകരിക്കണം. 

സംസ്ഥാനത്തു സിവിൽ ഡിഫൻസ് രൂപീകരിച്ചു കമ്യൂണിറ്റി റെസ്ക്യൂ വൊളന്റിയർ സർവീസ് ശക്തിപ്പെടുത്തണം. ഇതിനായി മത്സ്യത്തൊളിലാളികൾ, ആദിവാസികൾ, നിർമാണത്തൊഴിലാളികൾ എന്നിവർക്കു പരിശീലനം നൽകി പദ്ധതിയുടെ ഭാഗമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. 

related stories