ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ്: സമരം ശക്തമായി; വൻ ജനപ്രവാഹം

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചി െഹെക്കോടതിക്കു സമീപം നടക്കുന്ന സമരത്തിന് വിമൻ ഇൻ സിനിമ കലക്ടീവിന്റെ പിന്തുണ അറിയിക്കാനെത്തിയ നടി റിമ കല്ലിങ്കൽ. ചിത്രം: മനോരമ

കൊച്ചി ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപവാസ സമരം അഞ്ചാം ദിവസത്തിലേക്കു കടന്നപ്പോൾ സമരത്തിനു പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനകൾ രംഗത്തെത്തി. സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ‌ കൗൺസിൽ നടത്തുന്ന സമരത്തിനു സഹായമേകാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തുകയാണ്.

സമരം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചു. നാളെ സംസ്ഥാന വ്യാപകമായി വൈകിട്ട് 5 മുതൽ 6 വരെ അതതു പ്രദേശങ്ങളിലുള്ളവർ സംഘടിച്ചു സമരത്തിനു പിന്തുണ പ്രഖ്യാപിക്കുമെന്നു സമരസമിതി അറിയിച്ചു. ഐഎൻടിയുസി, ആർഎംപി പ്രവർത്തകർ പ്രകടനമായാണു സമരവേദിയിലെത്തിയത്. 

സിപിഎം നേതാവ് എം.എം. ലോറൻസ്, കോൺഗ്രസ് നേതാക്കളായ അജയ് തറയിൽ, ഷാനിമോൾ ഉസ്മാൻ, ബിജെപി നേതാക്കളായ ശോഭ‌ാ സുരേന്ദ്രൻ, എ.എൻ. രാധാക്യഷ്ണൻ, ലോക് താന്ത്രിക് ജനതാദൾ നേതാക്കളായ എം. വി. ശ്രേയാംസ് കുമാർ, ഡോ. വർഗീസ് ജോർജ്, ആർഎംപി നേതാവ് കെ.കെ. രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ എന്നിവർ പിന്തുണ അറിയിച്ചു സമരപ്പന്തലിലെത്തി.

സിനിമയിലെ വനിതകൾ

∙ കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടുവയ്ക്കുന്ന ചരിത്രപരമായ സമരത്തിൽ പങ്കുചേരുന്നെന്നു വ്യക്തമാക്കി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ വിമൻ ഇൻ സിനിമ കലക്ടീവ് സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. സംസ്ഥാന സർക്കാരും സംസ്ഥാന വനിതാ കമ്മിഷനും, നീതിക്കു വേണ്ടി പോരാടാനും ശബ്ദമുയർത്താനും ധൈര്യം കാണിച്ചവർക്കൊപ്പം ഉറച്ചുനിൽക്കണം. പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

പുറത്താക്കിയാലും സമരം

∙ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിൽ നിന്നു പുറത്താക്കിയാലും സഭയ്ക്കുള്ളിൽ നിന്നു തന്നെ സമരം ചെയ്യുമെന്നു കന്യാസ്ത്രീകൾ പറഞ്ഞു. 

സമരത്തിനെതിരെ സർക്കുലർ

∙ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോടു സഹകരിക്കരുതെന്നു നിർദേശം നൽകി സിഎംസി സിസ്റ്റേഴ്സിനു സുപ്പീരിയർ ജനറൽ സർക്കുലർ അയച്ചു.

നിയമ സഹായം

∙ ബിഷപ് പീഡിപ്പിച്ച കന്യാസ്ത്രീക്കു മഹിളാ കോൺഗ്രസ് എല്ലാ നിയമസഹായവും നൽകുമെന്നു മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോസ്ന അറിയിച്ചു.