Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് പുനരുദ്ധാരണത്തിന് 3 വർഷത്തിനകം 10,000 കോടിയുടെ പദ്ധതി: മന്ത്രി

road-construction

ആലപ്പുഴ ∙ പ്രളയത്തിൽ തകർന്ന റോഡുകളെ പുനരുദ്ധരിക്കാൻ 10,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജി.സുധാകരൻ. മലയാള മനോരമ സംഘടിപ്പിച്ച ‘പ്രളയ ദുരിതങ്ങൾ മന്ത്രിയോടു പറയാം’ ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടിയന്തര അറ്റകുറ്റപ്പണി വേണ്ടത്, ബിറ്റുമിൻ ടാറിങ് വേണ്ടത്, രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കേണ്ടത് എന്നിങ്ങനെ നവീകരണത്തിനായി റോഡുകൾ മൂന്നായി തിരിക്കും. 2021 നുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം. റോഡിന്റെ സ്ഥിതി പഠിക്കാൻ എല്ലാ ജില്ലകളിലും ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയാണ്. ഇതു സംബന്ധിച്ച അവലോകനം 15 നു നടത്തും. 

റോഡിനു പണം അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പിന് അനുകൂല നിലപാടാണ്. ഇക്കാര്യം മന്ത്രി തോമസ് ഐസക്കുമായി ചർച്ച ചെയ്തു. ധന സെക്രട്ടറിയുടെ നിർദേശം കൂടി പരിഗണിച്ചാണു റോഡുകൾ മൂന്നായി തിരിച്ചു നിർമാണം നടത്തുന്നത്. സാമ്പത്തിക ബാധ്യത ഒരുമിച്ചു താങ്ങാൻ സാധിക്കാത്തതു കൊണ്ടാണു ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കുട്ടനാട്ടിൽ നെൽക്കൃഷി വ്യാപിപ്പിക്കേണ്ടെന്ന റവന്യു സെക്രട്ടറി പി.എച്ച്.കുര്യന്റെ പ്രസ്താവന സർക്കാർ നിലപാടല്ലെന്നു ജി.സുധാകരൻ പറഞ്ഞു. ആ പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പു പറയുകയാണു വേണ്ടത്. നെൽക്കൃഷി വ്യാപിപ്പിക്കുകയെന്നതു സർക്കാർ നയമാണ്. പി.എച്ച്.കുര്യൻ കഴിവുള്ള സീനിയർ ഉദ്യോഗസ്ഥനാണ്. സർക്കാരിനു വിശ്വാസമുള്ളതു കൊണ്ടാണ് അദ്ദേഹത്തെ പല ചുമതലയും ഏൽപിച്ചിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.