ഒരു മാസത്തെ ആകെ ശമ്പളം വേണം; എഴുതി നൽകിയാൽ ഒഴിവാക്കും

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ 10 തവണകളായോ സംഭാവനയായി നൽകണമെന്നും താൽപര്യമില്ലാത്തവർ അക്കാര്യം പ്രസ്താവനയായി എഴുതിനൽ‌കിയാൽ ഒഴിവാക്കുമെന്നും വ്യക്തമാക്കി ധനവകുപ്പിന്റെ ഉത്തരവ്. ഇൗ മാസത്തെ ആകെ ശമ്പളമാണ് ഒരു മാസത്തെ ശമ്പളമായി കണക്കാക്കുക. 

ശമ്പളത്തിൽ പ്രതിമാസം കുറവു ചെയ്യുന്ന പിഎഫ് വിഹിതം, ഭവനവായ്പയുടെയും സഹകരണ ബാങ്ക് വായ്പയുടെയും തിരിച്ചടവ്, എൽഐസി പ്രീമിയം തുടങ്ങിയവയൊന്നും ഒരുമാസത്തെ ശമ്പളമെന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കാത്തതിനാൽ‌ കയ്യിൽ കിട്ടുന്നതിനെക്കാൾ തുക ജീവനക്കാർ സർക്കാരിനു നൽകേണ്ടി വരും.

വരുന്ന ഒക്ടോബറിൽ ലഭിക്കേണ്ട, ശമ്പള പരിഷ്കരണ കുടിശികയുടെ നാലാം ഗഡുവിൽ നിന്നു സംഭാവനത്തുക കുറവു ചെയ്തെടുക്കാമെന്ന വാഗ്ദാനമാണ് ജീവനക്കാർക്കു കുറച്ചെങ്കിലും ആശ്വാസമായത്. കുറവു ചെയ്ത ശേഷവും തുക അടയ്ക്കേണ്ടി വന്നാൽ ബാക്കി ഒറ്റത്തവണയായോ 10 തവണകളായോ നൽകാം. കുടിശികയുടെ കഴിഞ്ഞ മൂന്നു ഗഡുക്കളും പിഎഫിൽ ലയിപ്പിക്കുകയായിരുന്നു. ഇനിയുള്ള ഗഡു മുഴുവൻ സംഭാവനയായി കിട്ടിയാൽ സർക്കാരിന് ഒരുമിച്ചു ലഭിക്കുക 800 കോടി രൂപയാണ്.