ബിഷപ് ഫ്രാങ്കോ 19ന് ഹാജരാകണം

നീതി തേടി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചി െഹെക്കോടതിക്കു സമീപം കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവർ. ചിത്രം: മനോരമ

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ 19നു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് അയച്ചു.  

പരാതിക്കാരിയുടെയും ആരോപണ വിധേയന്റെയും സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നും വളരെ മുൻപു നടന്നതായതിനാൽ ശാസ്ത്രീയ തെളിവുകൾ കുറവാണെന്നും അന്വേഷണ അവലോകന യോഗത്തിനു ശേഷം കൊച്ചി റേഞ്ച് ഐജി വിജയ്സാക്കറെ പറഞ്ഞു. കോട്ടയം എസ്പി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച് ഇന്നു സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

ബിഷപ്പിനെ കോട്ടയത്തു ചോദ്യം ചെയ്യാനാണു സാധ്യത. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നാണു പൊലീസിന്റെ നിലപാട്.