പരാതിയിൽ നടപടി ആവശ്യപ്പെട്ട് കത്തോലിക്ക മാസികയുടെ പത്രാധിപർ രംഗത്ത്

ന്യൂഡൽഹി ∙ കന്യാസ്ത്രീയുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് പ്രമുഖ കത്തോലിക്ക മാസികയായ ഇന്ത്യൻ കറന്റ്സിന്റെ പത്രാധിപർ രംഗത്ത്. കുറ്റാരോപിതൻ ബിഷപ്പായതിനാൽ സഭാനേതൃത്വം നിസ്സംഗത കാട്ടുന്നുവെന്നു കുറ്റപ്പെടുത്തിയ ഫാ. ഡോ.സുരേഷ് മാത്യു പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിഷപ്പുമാർക്കു തുറന്ന കത്തെഴുതി. നിയമത്തിനു മുമ്പിൽ നിരപരാധിത്വം തെളിയുംവരെ ചുമതലകളിൽനിന്ന് ബിഷപ് ഒഴി‍ഞ്ഞുനിൽക്കണം. നിയമക്കുരുക്കുകൾ മാറ്റിവച്ചു സഭ ഈ വിഷയത്തെ ഒരു ധാർമിക പ്രതിസന്ധിയായി കാണണം. അപൂർവമായി നടന്ന വൈദികരുടെയും സന്യാസിനികളുടെയും തെരുവുപ്രതിഷേധത്തെ സഭാനേതൃത്വം കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കപ്പൂച്ചിൻ വൈദികരുടെ ധാർമിക പിന്തുണ 

ന്യൂഡൽഹി ∙ ജലന്തർ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് പിന്തുണ അറിയിച്ചും വിഷയത്തിൽ നീതി ആവശ്യപ്പെട്ടും കപ്പൂച്ചിൻ വൈദികരുടെ ജസ്റ്റിസ് ആൻഡ് പീസ് ആൻഡ് ഇന്റഗ്രിറ്റി ഓഫ് ക്രിയേഷൻ(ജെപിഐസി) കമ്മിഷൻ രംഗത്ത്. സഭയും സർക്കാരും ഇക്കാര്യത്തിൽ നീതിയുക്തമായി ഇടപെടണം. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ധാർമിക പിന്തുണ അറിയിക്കുന്നതായി ജെപിഐസി കമ്മിഷൻ അംഗം ഫാ. ജേക്കബ് കാണി അറിയിച്ചു.