10,000 രൂപ സഹായം വിതരണം ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നു റവന്യു മന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തു ഭരണസ്തംഭനമില്ലെന്നും പ്രളയബാധിതർക്കു 10,000 രൂപയുടെ അടിയന്തരസഹായം വിതരണം ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ. പ്രകൃതിക്ഷോഭത്തിൽ യാതന അനുഭവിക്കുന്ന എല്ലാവർക്കും അർഹമായ നഷ്ടപരിഹാരം ലഭിക്കും. ബാങ്ക് നടപടികൾ പൂർത്തീകരിക്കുന്നതിലെ താമസമാണു സഹായം വൈകുന്നുവെന്ന വാർത്തകൾക്കു പിന്നിൽ. പ്രളയത്തിൽ പലരുടെയും പാസ്ബുക്കുകൾ നഷ്ടമായി. ഹർത്താലും ബാങ്ക് അവധിയുംമൂലം പണം ലഭിക്കുന്നതിലും താമസമുണ്ടായി. 

ധനസഹായം ലഭിച്ചവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അനർഹർ കടന്നുകൂടിയിട്ടുണ്ടെങ്കിൽ സർക്കാരിനെ അറിയിച്ചാൽ നടപടിയുണ്ടാകും. വീട്, ഭൂമി എന്നിവ നഷ്ടമായവരുടെ കണക്കെടുപ്പു മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കും. അനധികൃത ഭൂമിയിൽ നിർമിച്ച വീടുകൾക്കും കെട്ടിടങ്ങൾക്കും സഹായം നൽകില്ല. ഇവയുടെ പട്ടിക ശേഖരിച്ചു വരികയാണ്. നാശനഷ്ടം സംബന്ധിച്ചു കേന്ദ്രത്തിനു റിപ്പോർട്ട് നൽകാൻ വൈകിയിട്ടില്ല. യഥാർഥ നഷ്ടം വിലയിരുത്തി അന്തിമ കണക്കെടുക്കൽ പൂർത്തിയായി വരികയാണ്. പ്രളയക്കെടുതി വിലയിരുത്താൻ ഉന്നത കേന്ദ്രസംഘം ഈ മാസം സംസ്ഥാനത്തെത്തുമെന്നും മന്ത്രി അറിയിച്ചു. 

റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഉദ്യോഗസ്ഥനു വേണ്ട അച്ചടക്കം പാലിച്ചില്ലെന്നു മന്ത്രി കുറ്റപ്പെടുത്തി. കൃഷിയെക്കാൾ ഊന്നൽ ടൂറിസത്തിനു നൽകണമെന്ന പരാമർശം തെറ്റായിപ്പോയി. സർക്കാർ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കേണ്ടത്. കൃഷിഭൂമി വർധിപ്പിക്കുകയാണു സർക്കാരിന്റെ നയം.