പ്രളയക്കെടുതി വിലയിരുത്തി ലോകബാങ്ക് സംഘം

മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വ്യാപകമായ നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ലോകബാങ്ക് സംഘം സന്ദർശനം നടത്തി. ലോക ബാങ്ക് ഹൗസിങ് ആന്റ് പബ്ലിക് ബിൽഡിങ്സ് ലീഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റ് ദീപക് സിങ്ങിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിന്റെ കോ– ഓർഡിനേറ്ററും അർബർ ആന്റ് വാട്ടർ കൺസൾട്ടന്റും മലയാളിയുമായ അനിൽദാസാണ്. 

ഇടുക്കി ജില്ലയിലെ നേര്യമംഗലം പാലം മുതൽ വിവിധ പ്രദേശങ്ങളിലുണ്ടായ നാശനഷ്ടം സംഘം വിലയിരുത്തി. വാളറ, കൊരങ്ങാട്ടി, കൂമ്പൻപാറ, ആനവിരട്ടി, ഇരുട്ടുകാനം, പഴയ മൂന്നാർ, മൂന്നാർ ഗവ. കോളജ് പരിസരം എന്നിവിടങ്ങൾ സംഘം പരിശോധിച്ചു. 

മൂന്നാർ ടീ കൗണ്ടി ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ പവർ പോയിന്റ് പ്രസന്റേഷനിലൂടെ ജില്ലാ കലക്ടർ കെ.ജീവൻ ബാബു ദുരിതം വിശദീകരിച്ചു. തുടർന്ന് സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി പ്രത്യേകം ചർച്ചകളും നടത്തി. പന്നിയാർകുട്ടി, പൊൻമുടി, കീരിത്തോട്, ചെറുതോണി, തൊടുപുഴ, പുളിയൻമല റോഡ് എന്നിവിടങ്ങളിൽ ഇന്നു സംഘം സന്ദർശനം നടത്തും. 

പത്തംഗ ലോകബാങ്ക്–എഡിബി സംഘം ആലപ്പുഴയിൽ കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, കനകാശേരി പാടശേഖര പ്രദേശങ്ങളും സന്ദർശിച്ചു.