Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനോടുള്ള ചോദ്യങ്ങള്‍ തയാറാക്കി പൊലീസ്‌

bishop-franco-mulakkal

കോട്ടയം ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വീണ്ടും തയാറെടുപ്പു തുടങ്ങി. പീഡിപ്പിച്ചിട്ടില്ല എന്നു ബിഷപ് നൽകിയ മൊഴി കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള ചോദ്യംചെയ്യൽ. ബിഷപ്പിന്റെ മൊഴി തെറ്റാണെന്നു സ്ഥാപിക്കുന്നതിനുള്ള വാദങ്ങൾ പൊലീസ് നിരത്തും. അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും ഇതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ്.

കന്യാസ്ത്രീ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയ പരാതിയിൽ പീഡനത്തെപ്പറ്റി പറഞ്ഞിട്ടില്ലെന്നതാണ് ബിഷപ്പിന്റെ വാദങ്ങളിലൊന്ന്. മറ്റൊരാളെക്കൊണ്ട് കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചാണ് കർദിനാളിനുള്ള പരാതി തയാറാക്കിയതെന്നും വിവരം പുറത്തു പോകാതിരിക്കാനാണ് പീഡനം സംബന്ധിച്ച സൂചന ഒഴിവാക്കിയതെന്നും കന്യാസ്ത്രീ കഴിഞ്ഞ ദിവസം പൊലീസിനു വിശദീകരണം നൽകി.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലോ കോട്ടയം പൊലീസ് ക്ലബ്ബിലോ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. ഇരുസ്ഥലത്തെയും സൗകര്യങ്ങൾ പരിശോധിച്ചു. ശാസ്ത്രീയ ചോദ്യം ചെയ്യലിനു സൗകര്യം ഏറ്റുമാനൂരിലെ ഹൈടെക് മുറിയാണെങ്കിലും സുരക്ഷയും മറ്റു സൗകര്യങ്ങളും പൊലീസ് ക്ലബ്ബിലാണുള്ളത്. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യൽ. സഹായത്തിന് മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടാകും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ മേൽനോട്ടം വഹിക്കും.

related stories