Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനംതിട്ട– ആലപ്പുഴ ജില്ലാതിർത്തിയിൽ ഭൂചലനം

quake-house-alleppey ഭൂചലനത്തിൽ ആലപ്പുഴ പാലമേൽ കഞ്ചുകോട് രാജേഷ് ഭവനിൽ രാമകൃഷ്ണന്റെ വീടിന്റെ ഭിത്തി വിണ്ടുകീറിയപ്പോൾ.

പത്തനംതിട്ട/ആലപ്പുഴ ∙ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലും ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലും ഇന്നലെ രാവിലെയുണ്ടായ ഭൂചലനത്തെ തുടർന്ന് ഒട്ടേറെ വീടുകൾക്കു നാശം. അടൂർ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലും ചാരുംമൂടിന്റെ കിഴക്കൻ മേഖലയിലുമാണ് രാവിലെ പത്തരയ്ക്ക് വലിയ ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി. 

ചലനം 20 സെക്കൻഡ് നീണ്ടു. വീടുകളിൽനിന്ന് ആളുകൾ പുറത്തേക്കോടി. പ്രളയം കാര്യമായി ബാധിക്കാത്ത പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ഭൂചലന സമയത്ത് വിറകു വെട്ടിക്കൊണ്ടിരുന്ന പ്ലാവിള വടക്കേതിൽ അബ്ബാസിന്(35) കയ്യിൽ നിന്ന് കോടാലി തലയിൽ വീണു പരുക്കേറ്റു. 

പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട പഴകുളം പടിഞ്ഞാറ് ഭാഗത്തു മാത്രം 40 വീടുകൾക്കും ആലപ്പുഴ ജില്ലയിലെ തണ്ടാനുവിള, കഞ്ചുകോട്, മറ്റപ്പള്ളി, പുലിക്കുന്ന്, നൂറനാട്, കുമാരപുരം തുടങ്ങിയ പ്രദേശങ്ങളിലെ മുപ്പതോളം വീടുകൾക്കും നാശമുണ്ട്. കുരമ്പാല ഭാഗത്തും വീടുകൾക്കു കേടുപറ്റി. ആകെ എൺപതോളം വീടുകൾക്കു വിള്ളൽ വീണു. 

∙ ഭൂചലനം ഭൂകമ്പമാപിനിയിൽ മൂന്നിൽ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.