Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധി: ശമ്പളം നൽകാൻ മടിയെങ്കിൽ എഴുതി നൽകാതെ പറ്റില്ല

തിരുവനന്തപുരം∙ നിർബന്ധിത പിരിവില്ലെന്നു മന്ത്രിമാർ വ്യക്തമാക്കുമ്പോഴും, ദുരിതാശ്വാസ നിധിയിലേക്കു ഒരു മാസത്തെ ശമ്പളം നൽകാൻ വിമുഖതയുള്ള സർക്കാർ ജീവനക്കാർ അത് എഴുതി നൽകണമെന്ന തീരുമാനത്തിൽ മാറ്റമില്ല. വിമുഖതയുള്ള ജീവനക്കാരോടു പക്ഷേ, പകപോക്കലോ നടപടിയോ ഉണ്ടാകില്ലെന്നു വ്യക്തമാക്കി മന്ത്രി തോമസ് ഐസക് രംഗത്തു വന്നു.

താൽപര്യമില്ലാത്തവർ കൊടുക്കേണ്ട, എന്നാൽ സന്നദ്ധരായവരെ പിന്തിരിപ്പിക്കുന്നത് എന്തിനെന്നു മന്ത്രി ചോദിച്ചു. സാലറി ചാലഞ്ചിനെതിരെ നിലപാടെടുത്ത സെക്രട്ടേറിയറ്റ് ജീവനക്കാരനെ സ്ഥലംമാറ്റാൻ ശ്രമിച്ച നടപടി വിവാദമായതോടെയാണു മന്ത്രിയുടെ വിശദീകരണം വന്നത്. വീട്ടിലെ പരാധീനത മൂലം ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നു വാട്സാപ് മെസേജ് അയച്ച ധനവകുപ്പിലെ സെക്‌ഷൻ ഓഫിസർ അനിൽ രാജാണു സ്ഥലംമാറ്റ നടപടിയിൽ നിന്നു കഴിഞ്ഞ ദിവസം കഷ്ടിച്ചു രക്ഷപ്പെട്ടത്.

ധനവകുപ്പിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലാണു വകുപ്പിനുള്ളിൽ തന്നെ സീറ്റ് മാറ്റാൻ തീരുമാനിച്ചതെന്നാണു മന്ത്രിയുടെ വിശദീകരണം. ഇതു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നു മനസ്സിലായതു കൊണ്ടാണു റദ്ദാക്കിയത്. ജീവനക്കാരുടെ ശമ്പള കുടിശിക ഇത്തവണ പണമായിത്തന്നെ കൊടുക്കും.

ഇതുവരെ പിഎഫിൽ ലയിപ്പിക്കുകയായിരുന്നു. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതിനായി ഒരു സർക്കാർ ഉദ്യോഗസ്ഥനു നേരെയും സമ്മർദം ചെലുത്തില്ലെന്നു മന്ത്രി ഇ.പി.ജയരാജനും പറഞ്ഞു. നിർബന്ധിത പിരിവില്ല. പക്ഷെ, ഇത്രയും വലിയ ദുരന്തം കണ്ട ഏതു മനുഷ്യനും സ്വമേധയാ പിരിവു നൽകും. എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിലാണു ഫണ്ട് ആവശ്യപ്പെടുന്നത്. നിയമവിരുദ്ധമായി ആരെങ്കിലും പിരിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.