Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ അനുനയ നീക്കത്തിൽ; ശമ്പള പരിഷ്കരണത്തിന്റെ നാലാം ഗഡു പണമായി പലിശയോടെ

876774666

തിരുവനന്തപുരം∙ ‘സാലറി ചാലഞ്ചി’നെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ ഉയർത്തിയ വിമർശനത്തിന്റെ മുനയൊടിക്കാൻ ശമ്പള, പെൻഷൻ പരിഷ്കരണങ്ങളുടെ നാലാം ഗഡു പണമായി പലിശസഹിതം നൽകാൻ സർക്കാർ തീരുമാനിച്ചു. അടുത്ത മാസം ഒന്നിന് ഇതു നൽകും. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന്റെ കുടിശിക സാമ്പത്തിക പ്രതിസന്ധി മൂലം മൂന്നു ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കുകയായിരുന്നു.

പുതിയ തീരുമാനത്തോടെ കൂടുതൽ പേർ സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരു മാസത്തെ ശമ്പളം സംഭാവന നൽകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. പരിഷ്കരണത്തിലെ അവസാനത്തെ ഗഡുവാണ് ഒന്നിനു നൽകേണ്ടത്. കുടിശികത്തുക പണമായി നൽകണമെന്നതു ജീവനക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ്. ജീവനക്കാരെ അനുനയിപ്പിക്കാനുള്ള നീക്കമായാണു വിലയിരുത്തപ്പെടുന്നത്. തസ്തിക അനുസരിച്ച് 6000 രൂപ മുതൽ 70,000 രൂപവരെ ജീവനക്കാർക്കു ലഭിക്കും.

കയ്യിൽ കിട്ടുന്ന ശമ്പളത്തിന് (നെറ്റ് സാലറി) ഏകദേശം തുല്യമായ തുക വരുമെന്നു സർവീസ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ശമ്പളത്തിനു പകരമായി ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നിക്ഷേപിക്കാം. ബാക്കി തുക ഒറ്റത്തവണയായോ പത്തു ഗഡുക്കളായോ നൽകിയാൽ മതിയാകും. പെൻഷൻ കമ്യൂട്ടേഷനിലെ കുടിശിക ഒരു ഗഡുവും ഒന്നാം തീയതി നൽകും. ആകെ സർക്കാരിനു ചെലവാകുന്നത് 1538 കോടി രൂപയാണ്.