Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശിയുടെ ‘നിയമസഭാംഗത്വം’ സിപിഎമ്മിനെ വലയ്ക്കുന്നു

P.K.Sasi

തിരുവനന്തപുരം∙ പി.കെ.ശശി എംഎൽഎക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടിവന്നാൽ നിയമസഭാംഗമെന്ന നിലയിൽ അദ്ദേഹം തുടരുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നതു കൂടി സിപിഎം പരിശോധിച്ചുതുടങ്ങി. 

പാർട്ടി എംഎൽഎ ആയിരിക്കെ ആരും ഇത്തരം പരാതിയിൽപ്പെട്ടിട്ടില്ലെന്നതിനാൽ ഇക്കാര്യത്തിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടിവരുമെന്നതു കൂടി കണ്ടാണ് ആലോചന. 

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗമായ യുവതി ലൈംഗികാതിക്രമ സ്വഭാവമുള്ള പരാതിയാണു നൽകിയിരിക്കുന്നത്. സിപിഎമ്മിന്റെയും നേതാക്കളുടെയും ഇതുവരെയുള്ള പ്രതികരണങ്ങൾ കണക്കിലെടുത്താൽ  ശശിക്കെതിരെ സംഘടനാ നടപടിയുണ്ടാകും. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നതടക്കം വരാം. പക്ഷേ, ശശി അംഗമായ ഏറ്റവും പ്രധാനപ്പെട്ട വേദി സിപിഎമ്മിന്റെ നിയമസഭാകക്ഷി തന്നെയാണ്. 

പാർട്ടി കമ്മിറ്റികളിൽ നിന്നൊഴിവാക്കപ്പെടുകയും നിയമസഭാകക്ഷിയിൽ തുടരുകയും ചെയ്യുന്നതിനു ന്യായീകരണം അത്രയെളുപ്പമാകില്ല. സംഘടനാനടപടിയെടുത്താൽ അതിനർഥം ആരോപണം ശരിയെന്നു പാർട്ടി കണ്ടെത്തിയെന്നാണ്. 

അത്തരത്തിൽ  കുറ്റം ചെയ്തുവെന്ന് അംഗീകരിച്ച ഒരാൾ നിയമസഭയിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നതിലെ ധാർമികത ചോദ്യം ചെയ്യപ്പെടാം. 

നേരത്തെ പി.ശശിക്കും ഗോപി കോട്ടമുറിക്കലിനുമെതിരെ ഇത്തരം ആക്ഷേപം ഉയർന്നപ്പോൾ സംസ്ഥാനകമ്മിറ്റി അംഗങ്ങളെന്ന പരിഗണന നൽകാൻ സിപിഎം തയാറായില്ല. ഇരുവരും  ജനപ്രതിനിധികളല്ലാതിരുന്നതിനാൽ  സംഘടനാ നടപടിയിലൂടെ ന്യായീകരിക്കാനും പാർട്ടിക്കു സാധിച്ചു. പി.കെ.ശശിയുടെ കാര്യത്തിൽ അതല്ല അവസ്ഥ. 

പരാതി ലഭിച്ചതിനെത്തുടർന്നു ശശിയെ എകെജി സെന്ററിൽ വിളിച്ചുവരുത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചു. നിയമസഭാംഗം കൂടിയാണെന്നത് ഓർമ വേണമെന്നു കോടിയേരി വ്യക്തമാക്കി. 

അന്വേഷണ കമ്മിഷനായി നിയോഗിച്ചിരിക്കുന്ന എ.കെ.ബാലൻ നിയമസഭാംഗവും മന്ത്രിയുമാണ്. പി.കെ.ശ്രീമതി ലോക്സഭാംഗവും. സംഘടനക്കുള്ളിൽ പ്രശ്നം തീർക്കുന്നതിനെ പുറത്തു ന്യായീകരിക്കുമ്പോൾ തന്നെ റിപ്പോർട്ടും ശുപാർശയും തയാറാക്കുമ്പോൾ ശശി നിയമസഭാംഗമാണെന്നതും ഈ ജനപ്രതിനിധികൾക്കും പരിഗണിക്കേണ്ടിവരും.

related stories