Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീരൊഴുക്കി ചേച്ചി സമരപ്പന്തലിൽ

കൊച്ചി ∙ ബിഷപ് ഫ്രാങ്കോയെ തനിക്കൊരിക്കലും പിതാവ് എന്നു വിളിക്കാനാവില്ലെന്നും അത്രമേൽ െപെശാചികമായ പ്രവൃത്തിയാണ് അദ്ദേഹം നടത്തിയതെന്നും പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയ കന്യാസ്ത്രീയുടെ ചേച്ചി സമരപ്പന്തലിൽ പറഞ്ഞു. ഞാൻ വളർത്തിയെടുത്ത എന്റെ അനിയത്തിയെയാണു ക്രൂരമായി തകർത്തതെന്ന വാക്കുകൾ കണ്ണീരോടെ വന്നുവീണപ്പോൾ കേട്ടുനിന്നവരും തേങ്ങുകയായിരുന്നു.

സമരപ്പന്തൽ കുറെ നേരത്തേക്കു മൂകമായി. ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായതിനാൽ തന്റെ കീഴിലാണു മറ്റു 4 പേരും വളർന്നുവന്നതെന്ന് അവർ പറഞ്ഞു. ഒട്ടേറെ പ്രതിസന്ധികളിലൂടെയാണു തങ്ങളുടെ ജീവിതം കടന്നുപോയത്. ‘അനിയത്തിയെ ക്രൂരമായി പീഡിപ്പിച്ച വ്യക്തിയെ നാം ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് വൈകുന്ന ഈ അറസ്റ്റ്. 24നു കോടതി കേസ് പരിഗണിക്കുമ്പോൾ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ’– അവർ പറഞ്ഞു. 

∙ ലതിക സുഭാഷ് (മഹിളാ കോൺഗ്രസ്) 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ തുല്യനീതി നിഷേധിക്കുകയാണ്. എന്തുകൊണ്ടാണു ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആരാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും അറിയണം. 

∙ വി.പി. സുഹറ (സാമൂഹിക പ്രവർത്തക)

 കന്യാസ്ത്രീകൾക്കു സഭയിലും ഭരണകൂടത്തിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടമായി. അവർ തിരിച്ചറിവിന്റെ പാതയിലാണ്. അതാണ് നീതിക്കായി അവരെ തെരുവിലിറക്കിയിരിക്കുന്നത്. 

∙ മധുപാൽ (നടൻ) 

നമ്മുടെ നിലവിളികൾ പുറത്തുള്ളവർ അറിയണമെങ്കിൽ ഉച്ചത്തിൽ തന്നെ നിലവിളിക്കണം. നീതിക്കു വേണ്ടിയുള്ള പോരാട്ടമാണിത്. അതുകൊണ്ട് ഈ സമരം ഇടയ്ക്കു നിന്നുപോകരുത്. ഇതു സമൂഹത്തിന്റെ മുഴുവൻ നീതിക്കായുള്ള സമരമാണ്. 

∙ ഫാ. അഗസ്റ്റിൻ വട്ടോളി 

യൂറോപ്പിലെ പള്ളികൾ സൂപ്പർ മാർക്കറ്റുകളായിക്കൊണ്ടിരിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാവാതിരിക്കാനാണ് ഈ വിഷയത്തിൽ നീതി ആവശ്യപ്പെടുന്നത്. സഭയിൽ തുടരാനാണു കന്യസ്ത്രീകൾ സമരം ചെയ്യുന്നത്. ഈ കന്യാസ്ത്രീയുടെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത്. സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ പ്രസ്താവനയിറക്കിയ കെസിബിസി മാപ്പുപറയണം. 

∙ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ 

പരാതി നാലു വർഷം പഴക്കമുള്ളതിനാൽ അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്ന പൊലീസിന്റെ വാദം വസ്തുതകൾക്കു നിരക്കാത്തതാണ്. അഞ്ചു വൈദികർ ചേർന്ന് സ്ത്രീയെ പീഡിപ്പിച്ച കേസിന് ഇതിലുമേറെ പഴക്കമുണ്ടായിട്ടും വൈദികരെ അറസ്റ്റ‌് ചെയ്യുന്നതിൽ ഈ ന്യായങ്ങളുന്നയിക്കാതിരുന്ന പൊലീസാണു ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ പുതിയ വാദങ്ങളുന്നയിക്കുന്നത്. സാധാരണ പശ്ചാത്തലത്തിൽനിന്നു വന്ന ഫ്രാങ്കോ വമ്പൻ ആസ്തിയിലേക്കു വളർന്നതെങ്ങനെയെന്നതും അന്വേഷിക്കണം.

related stories