Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിഎംജിക്ക് 66 ലക്ഷത്തിന്റെ നോർക്ക കരാറുമെന്നു ചെന്നിത്തല

chennithala

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനുള്ള കൺസൽറ്റൻസി കരാർ നൽകിയ കെപിഎംജിയുമായി സംസ്ഥാന സർക്കാരിനുള്ള ബന്ധം എന്താണെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കൊടുമ്പിരിക്കൊണ്ടു നിന്ന 17നു കെപിഎംജിക്ക് 66 ലക്ഷത്തിന്റെ കരാർ സംസ്ഥാന സർക്കാർ നൽകിയെന്നു ചെന്നിത്തല പറഞ്ഞു.

നോർക്കയുടെ വെബ്‌പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിനാണു കരാർ നൽകിയത്. ഒരു വെബ്‌പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിന് 66 ലക്ഷം രൂപ വേണമോ എന്നതാണു ചോദ്യം. കെൽട്രോൺ, സിഡിറ്റ് തുടങ്ങിയ സർക്കാർ ഏജൻസികൾക്കു കുറഞ്ഞചെലവിൽ ചെയ്യാവുന്ന പണിയാണ് അവയെ തഴഞ്ഞു വൻതുകയ്ക്കു വിദേശകമ്പനിക്കു നൽകിയത്. ആരുടെ താൽപര്യമാണ് ഇതിൽ പ്രവർത്തിച്ചതെന്നു വ്യക്തമാക്കണം.

പൊതുമേഖലയുടെ സംരക്ഷകരെന്നു പുരപ്പുറത്തു കയറി നിന്നു വിളിച്ചു കൂവുന്ന ഇടതുസർക്കാരാണു പൊതുമേഖലയെ തഴഞ്ഞു സ്വകാര്യ കുത്തക കമ്പനിക്കു പിന്നാലെ പോയത്. കേരളത്തെ പുനർനിർമിക്കുന്നതിനുള്ള സൗജന്യ കൺസൽറ്റൻസിക്കു പുറകിൽ ഇതുപോലുള്ള വേറെ എത്ര കരാറുണ്ടെന്നു സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

related stories