Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചലഞ്ചിൽ പൊലീസ് മുറ; ഇടുക്കിയിൽ ഡിവൈഎസ്പിമാർക്ക് ക്വോട്ട അരക്കോടി

police

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നറിയിച്ച തിരുവനന്തപുരത്തെ പൊലീസുകാർക്കു ഫോണിൽ ഭീഷണി. ശമ്പളം നൽകാത്തവരുടെ പട്ടിക ശേഖരിച്ച സിപിഎം അനുഭാവിയായ എസ്ഐയുടേതാണു ഭീഷണി. തണ്ടർബോൾട്ട് സേനയിലെ 50 പൊലീസുകാർക്ക് അവിടത്തെ മേലുദ്യോഗസ്ഥന്റെ ഭീഷണിയുണ്ട്. പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ നിർദേശപ്രകാരമാണു വിരട്ടലെന്നു പൊലീസുകാർ പറയുന്നു.

പല പൊലീസുകാരുടെയും വീടുകൾ പ്രളയത്തിൽ അകപ്പെട്ടതിനാലാണ് ഇവർ ശമ്പളം നൽകാൻ വിമുഖത കാട്ടിയത്. എന്നാൽ അതൊന്നും അറിയേണ്ടെന്നും നിധിയിലേക്കു നിർബന്ധമായും ഒരു മാസ ശമ്പളം നൽകണമെന്നുമാണു വിരട്ടുന്നവർ പറയുന്നത്. ഇടുക്കി ജില്ലയിൽ തൊടുപുഴ, കട്ടപ്പന, മൂന്നാർ സബ് ഡിവിഷനുകളിൽ നിന്നായി ഒന്നരക്കോടി രൂപ പിരിച്ചു ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ രഹസ്യ നിർദേശമുണ്ട്. ഇന്നലെ രാവിലെയാണു ഡിവൈഎസ്പിമാർ കീഴുദ്യോഗസ്ഥർക്കു നിർദേശം കൈമാറിയത്.

കരിങ്കൽ ക്വാറി, ബ്ലേഡ്, മണൽ മാഫിയ ഉൾപ്പെടെയുള്ളവരിൽനിന്നു പണം പിരിച്ചെടുക്കാനാണു നീക്കം. ഒരു സബ് ഡിവിഷനിൽനിന്ന് 50 ലക്ഷം രൂപയാണു ക്വോട്ട. എന്നാൽ ആരോപണ വിധേയരിൽനിന്നു പണം പിരിക്കുന്നതിന് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ എതിരാണ്. ഒരു മാസത്തെ ശമ്പളം നൽകാൻ തയാറല്ലാത്തവർ തന്റെ ഓഫിസിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞദിവസം വയർലെസിലൂടെ ഉത്തരവു നൽകിയിരുന്നു.