Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥിരം പ്രളയമേഖലകളിൽ ഭൂഗർഭ വൈദ്യുതി കേബിൾ പരിഗണനയിൽ

പാലക്കാട് ∙ സ്ഥിരം പ്രളയബാധിത മേഖലകളിൽ വൈദ്യുതി തടസ്സവും അപകടങ്ങളും ഒഴിവാക്കാ‍ൻ ഭൂഗർഭ കേബിൾ സംവിധാനം പരിഗണനയിൽ. പദ്ധതി നടപ്പാക്കാൻ ലോകബാങ്ക്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് പ്രതിനിധികൾ സഹായം വാഗ്ദാനം ചെയ്തതോടെ ഇത്തരത്തിലുള്ള പ്രദേശങ്ങളുടെ പട്ടിക തയാറാക്കാൻ കെഎസ്ഇബി നടപടി തുടങ്ങി.

പ്രളയബാധിത മേഖലകളിൽ സംഘം നടത്തിയ പരിശോധനയിൽ വൈദ്യുതി പുനഃസ്ഥാപനത്തിന്റെ പുരോഗതി ആരാഞ്ഞിരുന്നു. ഭൂഗർഭ കേബിൾ വഴിയുള്ള വൈദ്യുതി പുനഃസ്ഥാപനവും ലക്ഷ്യമിടുന്നതായി കെഎസ്ഇബി അറിയിച്ചതോടെ ലോകബാങ്ക് സംഘവും താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.

വെള്ളം കയറാത്ത രീതിയിൽ ഭൂഗർഭ കേബിൾ സംവിധാനം നടപ്പായാൽ പോസ്റ്റ് മറി‍ഞ്ഞും ട്രാൻസ്ഫോമർ തകർന്നും വൈദ്യുത ലൈൻ പൊട്ടി വീണും ഉള്ള അപകടങ്ങൾ ഒഴിവാക്കാനാകും. സ്ഥിതിഗതികൾ അതിരൂക്ഷമായാൽ മാത്രമേ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവരൂ. പാലക്കാട് ജില്ലയിൽ കൽപാത്തിപ്പുഴയോരവും പരിഗണിക്കുന്നുണ്ട്. കുട്ടനാട്, കോൾ നിലങ്ങളിൽ പദ്ധതി ഗുണകരമാകുമെന്നാണു വിലയിരുത്തൽ.