Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ എംഎൽഎ കെ.വി.കുര്യൻ അന്തരിച്ചു

kv-kurien കെ.വി.കുര്യൻ

മുണ്ടക്കയം ∙ കാഞ്ഞിരപ്പള്ളി മുൻ എംഎൽഎ വേലനിലം പൊട്ടംകുളം കെ.വി.കുര്യൻ (91) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വേലനിലം സെന്റ് മേരീസ് പള്ളിയിൽ.

1952ൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തി. കേരള കോൺഗ്രസ് രൂപീകരണയോഗത്തിൽ കെ.വി.കുര്യനുമുണ്ടായിരുന്നു. 1977ൽ കേരള കോൺഗ്രസ് ചെയർമാനായി. 1965ലും 1970ലും 1977ലും നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു. 1978ൽ കെ.എം.മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്കു കുര്യന്റെ പേരാണ് ആദ്യം പരിഗണിച്ചത്. എന്നാൽ പി.ജെ.ജോസഫിനാണു നറുക്കു വീണത്.

1985ൽ കേരള കോൺഗ്രസ് വിട്ട്  വീണ്ടും കോൺഗ്രസിലെത്തി. കെപിസി‌സി അംഗം, പിഎസ്‌സി അംഗം, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്, മുണ്ടക്കയം സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. വിമോചനസമരത്തിൽ പങ്കെടുത്ത് കുര്യനും ഭാര്യയും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ആലപ്പുഴ നെരോത്ത് കുടുംബാംഗം അമ്മിണിയാണു ഭാര്യ. മക്കൾ: കുഞ്ഞുമേരി ജോസഫ്, ജോർജ് കുര്യൻ (പ്ലാന്റർ എറണാകുളം), ജോൺ കുര്യൻ (എൻജിനീയർ ബെംഗളൂരു), ഏലമ്മ മാത്യു, ത്രേസ്യാമ്മ തോമസ്, റോസി. കെ.കെ.കുര്യൻ (പ്ലാന്റർ, വേലനിലം). മരുമക്കൾ: ടി.സി.ജോസഫ്, (തേവർകാട്ട്), ജെസി ജോർജ് അക്കരക്കുളം (ആലപ്പുഴ), കൊച്ചുറാണി ജോൺ ആനത്താനം (കാഞ്ഞിരപ്പള്ളി), മാത്യു ജോർജ് ചാലിശേരി (തൃശൂർ ), കെ.ടി.ജെ.തോമസ് കരിപ്പാപ്പറമ്പിൽ, അന്നകുര്യൻ പറമ്പിൽ (കാഞ്ഞിരപ്പള്ളി), പരേതനായ തൊമ്മി ചാക്കോള (എറണാകുളം). 

കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുശോചിച്ചു.