Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരം തുടങ്ങും; പ്രക്ഷോഭം വ്യാപിക്കുന്നു

students ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക‌ു പിന്തുണയേകാനെത്തിയ വിദ്യാർഥികൾ.

കൊച്ചി ∙ ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടക്കുന്ന ഇന്ന്, രാവിലെ 11ന് കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരം ആരംഭിക്കും. വൈകിട്ട് അഞ്ചിന് എഴുത്തുകാരി പി. ഗ‌ീതയും നിരാഹാരം തുടങ്ങും.

നിരാഹാര സമരം നടത്തിയ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി സ്റ്റീഫൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തിന്റെ മൂന്നാം ദിവസമാണ് ഇദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്. ശനിയാഴ്ച നിരാഹാര സമരം ആരംഭിച്ച ക്രിസ്ത്യൻ റവല്യൂഷണറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് സമരം തുടരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോൺവന്റിലെ സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവരും സമരം നാളെ നടത്തും. കടവന്ത്ര സെന്റ് ജോസഫ് പള്ളിയിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ 40 പേർ സമരത്തിനു പിന്തുണയുമായി പന്തലിലെത്തി.

സമരം ജില്ലാ തലങ്ങളിലേക്ക്

ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ജില്ലാതലങ്ങളിൽ പ്രക്ഷോഭം ആരംഭിക്കാൻ ഇന്നലെ ഹൈക്കോടതി ജംക്‌ഷനിലെ സരപ്പന്തലിൽ ചേര്‍ന്ന വിവിധ ജനകീയ സമര പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും യോഗത്തിൽ തീരുമാനമായി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ജില്ലാതല സമര കേന്ദ്രങ്ങൾ തുറക്കും. കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മയും കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരിപ്പ് സമരവും ഇന്ന് നടക്കും. നാളെ വൈകിട്ട് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനവും ഉണ്ടാകും.

തൃശൂർ ദേശീയപാത ആക്‌ഷൻ കൗൺസിൽ, നാടക്, ഇന്ത്യൻ ദലിത് ഫെഡറേഷൻ, അമ്മ കൂട്ടായ്മ, വിങ്സ്, കേരള വിധവാ സംഘം, ആർഎംപി, സിപിഐ എംഎൽ റെഡ് ഫ്ലാഗ് തുടങ്ങിയ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി: ബിഷപ് ഫ്രാങ്കോയുടെ പീഡനത്തേക്കാൾ വലിയ പീഡനമാണ് സഭയിൽനിന്ന് ഏൽക്കേണ്ട‌ിവരുന്നത്. ഓരോ പ്രാർഥനയിലും ഞങ്ങൾ പിന്തുണയ്ക്കുന്ന പിതാക്കന്മാരാണ് ഇന്നു ഞങ്ങളെ തള്ളിപ്പറയുന്നത്. ഫ്രാങ്കോയുടെ പണത്തിനു മീതെ ഒരു പിതാവും അനങ്ങുന്നില്ല.

കെ.ആർ. ഗൗരി: ക്രിസ്തീയ മിഷനറിമാർ നമ്മുടെ നാടിനും വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയ സംഭാവനകളെ തമസ്കരിക്കുന്ന ഈ സംഭവത്തിനെതിരെ സഭ തന്നെ മുന്നോട്ടുവരണം. കുറ്റവാളി എത്ര ഉന്നതനാണെങ്കിലും പ്രതിയെ നിയമത്തിനു മുന്നിൽ സർക്കാർ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല.

കവി കുരീപ്പുഴ ശ്രീകുമാർ: നീതി തേടി കന്യാസ്ത്രീകൾ തെരുവിലിറങ്ങിയ ആദ്യസംഭവമല്ല ഇത്. മൽസ്യത്തൊഴിലാളികൾക്കായി 20 ദിവസത്തോളം ഉപവസിച്ചത് സിസ്റ്റർ ഏലിയായിരുന്നു. 1957ലെ സർക്കാരിനെ താഴെയിറക്കാനും പി.എം. ആന്റണിയുടെ നാടകം നിരോധിക്കാനും മതമില്ലാത്ത ജീവൻ നിരോധിക്കാനും കന്യാസ്ത്രീകൾ രംഗത്തിറങ്ങിയിരുന്നു. എന്നാൽ സഭയ്ക്കകത്തു നടന്ന പീഡനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന‌് ആവശ്യപ്പെട്ടു രംഗത്തുവരുന്നത് ആദ്യമാണ്. ഈ സമരം യുക്തിവാദികൾ ഏറ്റെടുത്തതായി പറയുന്നവരുണ്ട്. ഇരയുടെ ഭാഗത്തുനിന്ന് പ്രതിയെ ശിക്ഷിക്കണമെന്നു പറയുന്നതിലപ്പുറം എന്ത് യുക്തിയാണ് സമരത്തിനു വേണ്ടത്?

മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ: സ്ത്രീകളുടെ അന്തസ്സും ആഭിജാത്യവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണ‌ം. വേട്ടക്കാരനെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

കലാമണ്ഡലം ഗോപി, ഖദീജ മുംതാസ്, കെ.എം. ഷാജഹാൻ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

related stories