Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം പിടിച്ചുവാങ്ങുന്നതിനെതിരെ ഹൈക്കോടതി

Kerala-High-Court-2

കൊച്ചി ∙ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ കഴിയുമെന്നു ഹൈക്കോടതി. നിർബന്ധിത പിരിവ് ‘പിടിച്ചുപറിക്കൽ’ ആകും. മുഖ്യമന്ത്രി ‘സാലറി ചാലഞ്ച്’ മുന്നോട്ടുവച്ചത് അഭ്യർഥനയായാണ്. അതു മാനിച്ചു പലരും തയാറായി. എന്നാൽ നിർബന്ധിത ഉത്തരവ് അതിനു തിരിച്ചടിയാകുമെന്നു വാദത്തിനിടെ കോടതി പറഞ്ഞു.

‘ജീവനക്കാരുടെ ഒരു ദിവസ ശമ്പളം പോലും പിടിക്കാൻ സർക്കാരിന് അധികാരമില്ല. അതിനൊക്കെ ഒരു രീതിയുണ്ട്. നിയമം നോക്കാതെ ശമ്പളം പിടിക്കാൻ ഉത്തരവിറക്കുന്നതെങ്ങനെ? നിയമ സെക്രട്ടറിയുമായി ചർച്ച നടത്തിയോ?’- കോടതി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്പളവും ഉൽസവ ബത്തയും പിടിക്കാനുള്ള തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ ഉത്തരവിനെതിരായ ബോർഡ് എംപ്ലോയീസ് ഫ്രണ്ടിന്റെ ഹർജിയാണു ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ഉത്തരവു പുനഃപരിശോധിക്കുമെന്നും തീരുമാനം അറിയിക്കാമെന്നും ബോർഡ് അറിയിച്ചു. കേസ് 19നു മാറ്റി.

നേരത്തേ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ ദുരിതാശ്വാസ സംഭാവന നൽകണമെന്ന സർക്കുലർ സ്റ്റേ ചെയ്ത ഉത്തരവിൽ, നിർബന്ധിത പിരിവ് പിടിച്ചുപറിക്കലാകുമെന്നു പറഞ്ഞതിനു സമാനമാണു തിരുവിതാംകൂർ ബോർഡിന്റെയും നടപടിയെന്നു കോടതി അഭിപ്രായപ്പെട്ടു. ദുരന്തമുഖത്തെ ആവശ്യങ്ങളോടു ജനങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചെന്നും സംഭാവനകൾക്കായി സ്വയം മുന്നോട്ടുവന്നെന്നും നിർബന്ധിച്ചിരുന്നെങ്കിൽ തട്ടിയെടുക്കൽ ആയേനെ എന്നുമാണു കോടതി ആ ഉത്തരവിൽ പറഞ്ഞത്. ശമ്പളം പിടിക്കാനുള്ള സർക്കാർ നടപടി സൂചിപ്പിച്ചുകൊണ്ടാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. എന്നാൽ, സർക്കാർ ഉത്തരവിന്റെ നമ്പരോ തീയതിയോ സൂചിപ്പിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

‘രാജാവിനെക്കാൾ വലിയ രാജഭക്തി’യെന്നാണു കോടതി വാദത്തിനിടെ പരാമർശിച്ചത്. 50,000 രൂപ ശമ്പളമുണ്ടെങ്കിലും പലവിധ തിരിച്ചടവു കഴിഞ്ഞു തുച്ഛമായ തുക കയ്യിൽ കിട്ടുന്നവരുണ്ട്. കൂട്ടത്തിൽ പ്രളയബാധിതരുമുണ്ട്. അവരും ശമ്പളം നൽകേണ്ടിവരില്ലേ?– കോടതി ചോദിച്ചു.

‘വിസമ്മതം’ പോലുമില്ലാതെ സഹകരണ ജീവനക്കാർക്ക് ‘സാലറി ചാലഞ്ച്’

കണ്ണൂർ ∙ പ്രളയാനന്തര പുനർനിർമാണത്തിനു സഹകരണ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബന്ധമായി നൽകണമെന്നു റജിസ്ട്രാറുടെ ഉത്തരവ്. മാത്രമല്ല, സർക്കാർ ജീവനക്കാരെപ്പോലെ വിസമ്മതം രേഖപ്പെടുത്താനുള്ള അവസരവുമില്ല. ഒരു ലക്ഷത്തോളം സഹകരണ ജീവനക്കാർക്ക് അതതു സ്ഥാപനങ്ങളാണു ശമ്പളം നൽകുന്നത്. നൽകാൻ താൽപര്യമില്ലാത്തവർ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്തു തുക നൽകണം. പരമാവധി 10 തവണകളായി നൽകേണ്ട തുകയുടെ ആദ്യവിഹിതം അടുത്തമാസം പിടിച്ചുതുടങ്ങും. നിർബന്ധിത പിരിവു പാടില്ലെന്നു വകുപ്പുമേധാവികൾ ഉറപ്പാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവു മറികടന്നാണു റജിസ്ട്രാർ എസ്.ഷാനവാസിന്റെ ഇന്നലത്തെ ഉത്തരവ്.

സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്: ‘ശമ്പളം നൽകാത്തത് ആരൊക്കെ?’

കണ്ണൂർ ∙ ഒരുമാസത്തെ ശമ്പളം നൽകാത്ത ജീവനക്കാരുടെ വിവരങ്ങൾ അന്വേഷിച്ചു പഞ്ചായത്തു പ്രസിഡന്റിന്റെ കത്ത്. വിവാദമായതോടെ വെറുതെ അറിയാൻ അന്വേഷിച്ചതാണെന്നു വിശദീകരണം. സിപിഎം ഭരിക്കുന്ന ചിറക്കൽ പഞ്ചായത്തു പ്രസിഡന്റ് എ. സോമനാണു പഞ്ചായത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലേക്കും കത്തു നൽകിയത്. മന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത യോഗത്തിലെ നിർദേശപ്രകാരമാണ് അന്വേഷിക്കുന്നതെന്നും മന്ത്രി ഇ.പി.ജയരാജൻ പങ്കെടുക്കുന്ന പരിപാടിയിൽ റിപ്പോർട്ട് നൽകാനാണെന്നും കത്തിലുണ്ട്.

നിർബന്ധിത പിരിവ് നടക്കുന്നില്ല: മന്ത്രി ഐസക്

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിനെക്കുറിച്ച് കോടതി പറഞ്ഞതു ശരിയാണെന്നു മന്ത്രി തോമസ് ഐസക്. നിർബന്ധിത പിരിവ് നടക്കുന്നില്ല. നിർബന്ധിച്ചു പണം പിരിക്കാൻ സർക്കാരിന് അവകാശമില്ല. ഒരു മാസ ശമ്പളം തരാൻ തയാറല്ലെങ്കിൽ എഴുതി അറിയിച്ചാൽ മതി. അങ്ങനെ  വ്യവസ്ഥ വയ്ക്കാതെയാണു ദേവസ്വം ബോർഡിന്റെ ഉത്തരവെന്നാണു മനസിലാകുന്നത്. അതു തെറ്റാണ്. സർക്കാരിന്റെ നയമല്ല. ഒരു മാസ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്കു വാങ്ങുന്ന കാര്യം സംഘടനകളുമായി ചർച്ച ചെയ്തേ തീരുമാനിക്കൂ. ഒരുമാസത്തെ പെൻഷൻ അഭ്യർഥിക്കും. സർക്കാർ തുറന്ന മനസ്സോടെയാണു ചർച്ചയ്ക്കു വരുന്നത്. പല ഗഡുക്കളായിട്ടേ പെൻഷൻ വാങ്ങൂ–മന്ത്രി പറഞ്ഞു.

ശമ്പളക്കുടിശിക ഉത്തരവായി

തിരുവനന്തപുരം ∙ ശമ്പള പരിഷ്കരണ കുടിശികയുടെ നാലാം ഗഡു 7.6% പലിശയടക്കം പണമായി നൽകാൻ തീരുമാനിച്ചു സർക്കാർ ഉത്തരവിറക്കി. മുൻപുള്ള മൂന്നു ഗഡുക്കൾ പൂർണമായി ലഭിക്കാത്തവരുണ്ടെങ്കിൽ ആ തുക പിഎഫിൽ ലയിപ്പിക്കും. അടുത്ത മാസം ഒന്നു മുതൽ കുടിശിക അക്കൗണ്ടിലേക്കു കൈമാറിത്തുടങ്ങും.

related stories