Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തിനു കൂടുതൽ പിന്തുണ; സത്യഗ്രഹത്തിൽ സഹോദരിയും

bishop-case-protest ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടത്തുന്ന സമരത്തിനു പിന്തുണയുമായി കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം ആരംഭിച്ചപ്പോൾ. ചിത്രം: മനോരമ

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കന്യാസ്ത്രീയുടെ സഹോദരിയും എഴുത്തുകാരി പി. ഗീതയും നിരാഹാര സത്യഗ്രഹം തുടങ്ങി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സമരത്തിന്റെ പത്താം ദിവസമായ ഇന്നലെയും ഹൈക്കോടതി ജംക്‌ഷനിലെ പന്തലിലെത്തി.

കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണയുമായി മറ്റു ജില്ലകളിലും സമരം തുടങ്ങി. കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്‌ത്രീകൾ ഇന്നലെയും സമരപ്പന്തലിൽ ഉപവസിച്ചു. സിസ്‌റ്റർ ജെസ്‌മി, സംവിധായകൻ വിനയൻ, യൂത്ത് കോൺഗ്രസ് നേതാവ് കെ.പി. അനിൽകുമാർ, ശ്രീനാരായണ സഹോദര ധർമവേദി നേതാവ് സി.കെ. വിദ്യാസാഗർ തുടങ്ങിയവരും എറണാകുളം ലോ കോളജ് വിദ്യാർഥികളും സമരത്തിനു പിന്തുണയർപ്പിച്ചു. കോട്ടപ്പുറം സ്വദേശി പി.വി. ഷാജി മേനക ജംക്‌ഷനിൽ നിന്നു പിറകോട്ട് ഓടി സമരപ്പന്തലിലെത്തി. 

പി. ഗീത

കുറ്റാരോപിതനു പൊലീസ് സാവകാശം നൽകുന്നത് ഇനിയുണ്ടായേക്കാവുന്ന മാനഭംഗ കേസുകളിലും ഇത്രയും സാവകാശം ആർക്കും അവകാശപ്പെടാമെന്ന കീഴ്‌വഴക്കം സൃഷ്ടിക്കും. എവിടെയാണു നീതി? സമരത്തിന് അതിശക്തമായ തുടർച്ചയുണ്ടാകും. 

വിനയൻ 

ഇതിനേക്കാൾ ചെറിയ കേസുകളിൽ പൊലീസ് പെട്ടെന്നു നടപടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുത്തുവെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിനു സാധിക്കണം.

സിസ്‌റ്റർ ജെസ്‌മി

മാഫിയ സംഘത്തിനെതിരെയുള്ള പോരാട്ടം തുടരണം. അന്തിമ വിജയം നീതിക്കും സത്യത്തിനും തന്നെയാവും.

related stories