Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു കൊലക്കേസ്: ഒളിവിലെ എട്ട് പ്രതികൾക്കെതിരെ തിരച്ചിൽ നോട്ടിസ്

look-out-notice-abhimanyu-case

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന എട്ടു പ്രതികൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. എട്ടു പേരും അക്രമത്തിൽ നേരിട്ടു പങ്കെടുത്തവരാണ്.

പള്ളുരുത്തി സ്വദേശിയും ഇപ്പോൾ ചേർത്തല പാണാവള്ളിയിൽ താമസിക്കുന്നയാളുമായ തൃച്ചാറ്റുകുളം കാരിപുഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31), നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (21), ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20), ആലുവ ഈസ്റ്റ് എരുമത്തല ചുണംങ്ങംവേലി മുള്ളങ്കുഴി ചാമക്കാല ആരിഫ് ബിൻ സലിം (25), പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസ് (23), പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽ പറമ്പ് ജിസാൽ റസാഖ് (21), നെട്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന തൻസീൽ മുഹമ്മദ്കുട്ടി (25), നെട്ടൂർ മേക്കാട്ട് സനിദ് ഹംസ (26) എന്നിവർക്കെതിരെയാണു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്.

അഭിമന്യു, മാരകമായി പരുക്കേറ്റ അർജുൻ കൃഷ്ണ എന്നിവരെ കുത്തിയ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. കൊലപാതകത്തിനു ശേഷം സംസ്ഥാനംവിട്ട പ്രതികൾ പിന്നീടു പലപ്പോഴായി പന്തളത്തെ റബർ തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് ഈ പ്രദേശം മുങ്ങിയതോടെ പുറത്തുചാടിയ പ്രതികൾ പരസ്പരം ഫോണിൽ ബന്ധപ്പെട്ടതോടെ പൊലീസ് തിരിച്ചറിഞ്ഞു.

പ്രതികളുടെ ചിത്രങ്ങൾ കൊലപാതകത്തിനു സാക്ഷികളായവരും കേസിൽ റിമാൻഡിൽ കഴിയുന്ന ചില കൂട്ടുപ്രതികളും തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മിഷണർ എസ്.ടി. സുരേഷ്കുമാർ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ചു വിവരം ലഭിക്കുന്നവർ 9497990066, 9497990069, 9497987103 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണം.