Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരിക്കുന്ന പാർട്ടി ഏതു പീഡനം നടത്തിയാലും സംരക്ഷണം ലഭിക്കുന്ന സ്ഥിതി: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഏതു പീഡനം നടത്തിയാലും സംരക്ഷണം ലഭിക്കുന്ന സ്ഥിതിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുസർക്കാർ സ്ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചു യുഡിവൈഎഫ് (യുണൈറ്റഡ് ഡെമോക്രാറ്റിക് യൂത്ത് ഫ്രണ്ട്) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.കെ.ശശി വിഷയത്തിലും എംഎൽഎ ഹോസ്റ്റലിലെ ഡിവൈഎഫ്ഐ നേതാവുമായി ബന്ധപ്പെട്ട പീഡനപരാതിയിലും സ്പീക്കർ മൗനം വെടിയണം. ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കണം. സ്പീക്കർ നിയമസഭയുടെ മാത്രമല്ല നിയമസഭാ ഹോസ്റ്റലിന്റെയും സംരക്ഷകനാണ്. ഒരു നിയമസഭാ സാമാജികനെതിരെ ആരോപണം ഉയർന്നത് അന്വേഷിക്കുന്നതു നിയമ മന്ത്രിയും പാർട്ടി എംപിയുമാണ്. ഇതു സ്വാഭാവിക രീതിയാണോ എന്നാലോചിക്കണം. നിയമമുണ്ടാക്കേണ്ട നിയമമന്ത്രി നിയമലംഘനം നടത്തുന്നു. ഇതു കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്.

ജലന്തർ ബിഷപ്പിന‌െതിരെയുള്ള കന്യാസ്ത്രീയുടെ പരാതി 78 ദിവസമായി പൊലീസ് അന്വേഷിച്ചിട്ടും ഒന്നുമായില്ല. സർക്കാരിനു സ്ത്രീകൾക്ക് സുരക്ഷ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സിപിഎമ്മിൽ പോലും സ്ത്രീകൾക്കു സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ചെന്നിത്തല ആരോപിച്ചു.

മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തെ തുടർന്നു പ്രതിഷേധക്കാർ എംജി റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി.ആർ.മഹേഷ്, പി.കെ.ഫിറോസ്, സജി മഞ്ഞക്കടമ്പൻ, പ്രേംസൻ മാഞ്ഞാമറ്റം, ഷിബു കോരാണി, കെ.എ.കുര്യൻ, ജോഷി, ജി.ലീന, എസ്.എം.ബാലു, എൻ.എസ്.നുസൂർ, രാജേഷ് ചന്ദ്രദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

related stories