Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദുരിതാശ്വാസനിധി: പെൻഷൻകാരെയും പിടികൂടുന്നു; ഒരു മാസത്തെ തുക ഈടാക്കും

pension

തിരുവനന്തപുരം∙ പ്രളയദുരിതാശ്വാസനിധിയിലേക്കു സർവീസ് പെൻഷൻകാരിൽനിന്നും ഒരു മാസത്തെ തുക ഈടാക്കാൻ ധനവകുപ്പിന്റെ തീരുമാനം. ജീവനക്കാരിൽനിന്നു പിരിക്കുന്ന രീതിയിൽ പത്തുമാസം കൊണ്ടു തുക ഈടാക്കും. ഇതേക്കുറിച്ച് 22നു മന്ത്രി തോമസ് ഐസക് പെൻഷൻകാരുടെ സംഘടനകളുമായി ചർച്ച നടത്തും.  മുൻവിധിയോടെയല്ല ചർച്ചയെന്നു ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സംഘടനാ പ്രതിനിധികളുടെ അഭിപ്രായം കേട്ടശേഷമേ തുക പിടിക്കുന്ന രീതി തീരുമാനിക്കൂവെന്നും അറിയിച്ചു. 

എന്നാൽ തങ്ങൾക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്നും ഒരു മാസത്തെ തുക നൽകാനാകില്ലെന്നുമാണു സംഘടനകളുടെ നിലപാട്. പെൻഷൻ തുക മാത്രം വരുമാനമായുള്ള കുടുംബങ്ങളുള്ളതിനാൽ അതിൽ കൈവയ്ക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കും. ഇക്കാര്യം മന്ത്രിയുമായുള്ള ചർച്ചയിൽ അറിയിക്കും. 

cartoon

ജീവനക്കാരും പെൻഷൻകാരും ഒരുമാസത്തെ വരുമാനം നൽകുന്നതിലൂടെ 3800 കോടി രൂപ ലഭിക്കുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കുലറിൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന്റെ വിശദാംശങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. 

ഒരു മാസത്തിൽ കുറഞ്ഞ ശമ്പളം പ്രളയദുരിതാശ്വാസ നിധിയിലേക്കു സ്വീകരിക്കില്ലെന്നും ജീവനക്കാരെ അറിയിച്ചു. പെൻഷൻകാരുടെ കാര്യത്തിലും ഇതേ നിലപാടു സ്വീകരിക്കാനാണു സാധ്യത. ജീവനക്കാരുടെ കാര്യത്തിലെന്നപോലെ സംഭാവന നൽകാൻ താൽപര്യമില്ലെങ്കിൽ അക്കാര്യം എഴുതി അറിയിക്കാൻ പെൻഷൻകാർക്കും അവസരം നൽകും. നിർബന്ധിത പിരിവ് ആരോപിച്ചു കോടതിയെ സമീപിക്കാതിരിക്കാനാണ് ഈ പഴുത്. 5,43,864 സർവീസ് പെൻഷൻകാരാണു സംസ്ഥാനത്തുള്ളത്.

related stories