Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ആദ്യ വനിതാ ഐഎഎസ് ഓഫിസർ അന്ന മൽഹോത്ര അന്തരിച്ചു

Anna Malhotra

മുംബൈ ∙ രാജ്യത്തെ ആദ്യ വനിതാ ഐഎഎസ് ഓഫിസറും മലയാളിയുമായ അന്ന മൽഹോത്ര (92) അന്തരിച്ചു. അന്ധേരി മരോളിലെ ശുഭം കോംപ്ലക്സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം മുംബൈയിൽ നടത്തി.

റിസർവ് ബാങ്ക് മുൻ ഗവർണർ പരേതനായ ആർ.എൻ. മൽഹോത്രയുടെ ഭാര്യയായ അന്ന പത്തനംതിട്ട നിരണം ഒറ്റവേലിൽ കുടുംബാംഗമാണ്. ഒറ്റവേലിൽ ഒ.എ. ജോർജിന്റെയും അന്ന പോളിന്റെയും മകളായി ജനിച്ച അന്ന കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും മലബാർ ക്രിസ്ത്യൻ കോളജിൽ നിന്നു ബിരുദവും നേടിയ ശേഷം ഇംഗ്ലിഷ് സാഹിത്യത്തിൽ മദ്രാസ് സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദം നേടി. 1950ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയം.

ഹൊസൂർ സബ്കലക്ടർ ആയി ആദ്യ നിയമനം. ഡിൻഡിഗൽ, മദ്രാസ് എന്നിവിടങ്ങളിൽ സേവനത്തിനുശേഷം കേന്ദ്ര സർവീസിൽ ചേർന്നു. പിന്നീട്, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായതോടെ കേന്ദ്രത്തിൽ വകുപ്പു സെക്രട്ടറിയാകുന്ന ആദ്യവനിതയായി. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. 1982 ഏഷ്യാഡ് പദ്ധതിയിൽ രാജീവ് ഗാന്ധിയുടെ കൂടെ പ്രവർത്തിച്ചു. നവിമുംബൈ നാവസേവയിലെ ജവാഹർലാൽ നെഹ്റു തുറമുഖ പദ്ധതിയുടെ ചുമതല പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നയെയാണ് ഏൽപിച്ചത്. 1989ൽ പദ്ധതി പൂർത്തിയാക്കിയതിനു രാഷ്ട്രം പത്‌മഭൂഷൺ നൽകി അവരെ ആദരിച്ചു.