Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടും കുടുംബവുമെല്ലാം മാറ്റിവച്ച് ഇലക്‌ഷന് ഇറങ്ങൂ: അണികളോട് ബിജെപി

BJP Flag

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ മുഴുവൻ സമയപ്രവർത്തകരെ ബിജെപി നിയോഗിക്കും. ഇതിനു തയാറാകുന്നവർക്കു മുന്നിൽ പാർട്ടി ഒരു ഉപാധി വച്ചു. വോട്ടിങ് യന്ത്രത്തിൽ വോട്ട് വീണു എന്നുറപ്പു വരുത്തുന്നതുവരെ മറ്റെല്ലാം മാറ്റിവയ്ക്കണം. വീടോ കുടുംബമോ പോലും മുൻഗണനയാകരുത്.

അതതു മണ്ഡലത്തിനും ജില്ലയ്ക്കു തന്നെയും പുറത്തുള്ളവരെയാണ് ഓരോയിടത്തും നിയോഗിക്കുക. ഒക്ടോബർ ഒന്നിനകം ഇവരുടെ പട്ടിക നൽകാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളെയാണു പരിഗണിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഈ ഒക്ടോബർ മുതൽ ലോക്സഭാ വോട്ടെടുപ്പുവരെ ബന്ധപ്പെട്ട മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിക്കണം. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിൽ പോകണമെന്നുണ്ടെങ്കിൽ ബന്ധപ്പെട്ട നേതാക്കളുടെ മുൻകൂട്ടിയുള്ള അനുമതിയുണ്ടാകണം. 

ദേശീയതലത്തിലുള്ള തീരുമാനമാണു കേരളത്തിലും നടപ്പാകുന്നത്. ലോക്സഭാ മണ്ഡലം, നിയമസഭാ മണ്ഡലം, പഞ്ചായത്ത്, ഏതാനും ബൂത്തുകൾ ചേർന്നുള്ള ശക്തികേന്ദ്ര, ബൂത്ത് എന്നീ അഞ്ചു തലത്തിലുള്ള തയാറെടുപ്പുകളാണു ദേശീയതലത്തിൽ ബിജെപി നടത്തുന്നത്. ചില സംസ്ഥാനങ്ങളിൽ പഞ്ചായത്തുകളിലും ശക്തികേന്ദ്രങ്ങളിലും മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കുന്നുണ്ട്. കേരളത്തിൽ ചില മണ്ഡലങ്ങളിൽ ഒന്നിൽ കൂടുതൽ പേരുണ്ടാകും.

ഇലക്‌ഷനിലേക്കു പൂർണമായും കേന്ദ്രീകരിക്കാനാണു കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. പുതിയ സംസ്ഥാന പ്രസിഡന്റ് വരാനുണ്ടായ കാലതാമസവും അതിനുശേഷം സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കാനുണ്ടായ താമസവുമെല്ലാം തയാറെടുപ്പുകളെ ബാധിച്ചിട്ടുണ്ട്. ആ പ്രക്രിയ പൂർണമായതോടെ കേന്ദ്രം പിടിമുറുക്കിയിരിക്കുന്നു. 26, 27 തീയതികളിൽ കൊച്ചിയിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റെ അജൻഡയും തിരഞ്ഞെടുപ്പു തയാറെടുപ്പാണ്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

സംസ്ഥാന ഭാരവാഹിനിരയിൽ കാര്യമായ മാറ്റം വേണ്ടെന്നു വച്ചതോടെ പാർട്ടിയിൽ ഏതാണ്ടു ‘തൽസ്ഥിതി’യാണ്. കുമ്മനം രാജശേഖരൻ മാറി പി.എസ്.ശ്രീധരൻ‍പിള്ള വന്നതൊഴിച്ചാൽ വ്യത്യാസമൊന്നുമില്ലാത്ത സ്ഥിതി. 

related stories