Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ല: ചെന്നിത്തല

തിരുവനന്തപുരം∙ പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവർത്തനങ്ങൾ എങ്ങും എത്തുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതർക്കു വാഗ്ദാനം മാത്രം വാരിക്കോരി നൽകി സർക്കാർ കബളിപ്പിക്കുകയാണ്. പ്രളയ ബാധിതർക്ക് 10,000 രൂപ വീതം നൽകുമെന്നും അതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നുമാണു പറഞ്ഞിരുന്നത്. ആ വെബ്സൈറ്റ് എവിടെ? വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പയായി നൽകാമെന്നു പറഞ്ഞതും എവിടെ? ചെറുകിട വ്യാപാരികൾക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി നൽകുമെന്നു പറഞ്ഞിരുന്നതോ? കടങ്ങൾക്കു മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നു പറഞ്ഞു– അതിന്റെ ഉത്തരവ് എവിടെയെന്നും ചെന്നിത്തല ചോദിച്ചു. 

ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്നു മടങ്ങുമ്പോൾതന്നെ കിറ്റ് നൽകുമെന്നു പറഞ്ഞുവെങ്കിലും ആ കിറ്റ് വിതരണം അവതാളത്തിലായി. ദുരിതാശ്വാസ പ്രവർത്തനത്തിനു പകരം ഇപ്പോൾ നടക്കുന്നതു ഗുണ്ടാപ്പിരിവു മാത്രമാണ്. കേരളത്തിന്റെ ഭരണം ജയരാജന്മാരിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഇവരോടു മന്ത്രിമാർക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകൾ ഇറക്കി പിൻവലിക്കുന്ന ജോലി മാത്രമാണു നടക്കുന്നത്. എന്തു നാണക്കേടാണ് ഈ അവസ്ഥ. ലോകത്തിനു മുന്നിൽ കേരളം തലകുനിച്ചു നിൽക്കേണ്ട ഗതികേടാണ് ഇടതുമുന്നണി സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.