Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരക്കേസിൽ കരുണാകരനുണ്ടായ കറുത്ത പാട് മാറിയതിൽ സന്തോഷം: കെ.മുരളീധരൻ

k-karunakaran

തിരുവനന്തപുരം∙ ചാരക്കേസിൽ കരുണാകരനുണ്ടായ കറുത്ത പാടു മാറിയതിൽ സന്തോഷമുണ്ടെന്നു കെ.മുരളീധരൻ എംഎൽഎ. ചാരക്കേസിനെത്തുടർന്നു ഘടകകക്ഷികള്‍ കരുണാകരന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. എം.വി.രാഘവൻ, പി.കെ.നാരായണപ്പണിക്കർ എന്നീ ഘടകകക്ഷി നേതാക്കൾ മാത്രമായിരുന്നു മുഖ്യമന്ത്രി രാജിവയ്ക്കേണ്ട എന്ന നിലപാടെടുത്തത്. കേരളത്തിലെ ഏതെങ്കിലും നേതാക്കൾ ചതിച്ചു എന്നു കരുണാകരൻ തന്നോടു പറഞ്ഞിട്ടില്ല. ഇതിനെക്കുറിച്ചു പത്മജയോടു കൂടുതലായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല.

ചാരക്കേസിനെക്കുറിച്ചു പാർട്ടിക്കുള്ളിൽ ഒരു പൊതുചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ല. തെളിവുകളില്ലാതെ മൈതാന പ്രസംഗം നടത്തിയിട്ടു കാര്യമില്ല. ചാരക്കേസ് ചർച്ച നടത്തി പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളില്ലാതാക്കാൻ ശ്രമിക്കില്ല. അതിനുള്ള ആരോഗ്യം ഇപ്പോൾ കോൺഗ്രസിനില്ല. പാർട്ടി തകർന്നാൽ അതു തന്നെയും ബാധിക്കുമെന്ന്, പ്രളയാനന്തര കേരളം– പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ മുരളീധരന്‍ പറഞ്ഞു. 

നരസിംഹറാവുവുമായിട്ടുണ്ടായ അഭിപ്രായ ഭിന്നതകളാണു കരുണാകരന്റെ രാജിയിൽ കലാശിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ കരുണാകരനെ നരസിംഹറാവു പിന്‍തുണച്ചില്ല. ബാബറി മസ്ജിദ് അക്രമം ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന കരുണാകരന്റെ പ്രസ്താവനയാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്കു കാരണമായത്. കോൺഗ്രസിലെ ഗ്രൂപ്പു വഴക്ക് കരുണാകരന്റെ രാജിക്കു കാരണമായി എന്നു കരുതുന്നില്ല. വൈകിയാണെങ്കിലും നമ്പി നാരായണനു നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. ചാരക്കേസില്‍ ഇപ്പോള്‍ കരുണാകരനു മാത്രമാണു നീതി കിട്ടാത്തത്.

ചാരക്കേസ് ഗൂഢാലോചനയുടെ മുഴുവൻ സത്യവും പുറത്തുവരുമോ എന്നതു സംശയമാണ്. അന്വേഷണ കമ്മിഷൻ സമീപിച്ചാലും മാധ്യമങ്ങളോടു പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും മുരളീധരൻ പറഞ്ഞു.

related stories