Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരിസൺസ്: സർക്കാരിന്റെ വാദങ്ങൾ തള്ളി

ന്യൂഡൽഹി ∙ ഹാരിസൺസ് മലയാളം കേസിൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയത് ഇങ്ങനെ:

∙ ഭൂസംരക്ഷണ നിയമം ഒരു സമ്പൂർണ നടപടിച്ചട്ടമാണെന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. അപ്പോൾ, സ്പെഷൽ ഓഫിസറുടെ അധികാരവും അംഗീകരിക്കണമായിരുന്നു. നിയമത്തിലെ 20ാം വകുപ്പനുസരിച്ച്, ഭൂമി കൈവശം വച്ചിരുന്ന വ്യക്തിക്കു കോടതിയെ സമീപിച്ച് ഉടമസ്ഥാവകാശം സ്ഥാപിക്കാം. 

∙ ഭൂസംരക്ഷണ നിയമത്തിന്റെ ആനുകൂല്യം വിദേശ കമ്പനിക്കും ലഭിക്കുമെന്ന ഹൈക്കോടതി നിലപാടു ദൂരവ്യാപക ഭവിഷ്യത്തുണ്ടാക്കും. ഭൂപരിഷ്കരണ നിയമത്തിൽ ‘കമ്പനി’ എന്നുദ്ദേശിച്ചത് ഇന്ത്യൻ കമ്പനികളെയാണ്.

∙ അനുവദനീയ പരിധിയിൽ കൂടുതലാണു കൈവശക്കാരുടെ പക്കലുള്ള ഭൂമിയെന്നു പുതുവൽ‍ പട്ടയം, ഭൂമി വാങ്ങിയതു സംബന്ധിച്ച രേഖകൾ തുടങ്ങിയവയിൽ നിന്നു വ്യക്തം. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിപ്പു നടത്തിയാണു പട്ടയം കൈവശപ്പെടുത്തിയത്. 

∙ വിദേശ കമ്പനി, ഇന്ത്യൻ കമ്പനിയിൽ ലയിപ്പിച്ചതും തുടർന്ന് ആസ്തി കൈമാറിയതും റജിസ്ട്രേഷൻ വേണ്ടാത്ത നടപടിയാണെന്ന ഹൈക്കോടതി നിലപാടു പിഴവാണ്.

ഹാരിസൺ കേസിൽ സുപ്രീംകോടതി വിധി പഠിച്ചശേഷം അനന്തര നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഓഫിസറെ നിയമിച്ചതാണു ഹൈക്കോടതി റദ്ദാക്കിയത്. സുപ്രീംകോടതി അതു ശരിവച്ചു. ഭൂമി ഏറ്റെടുക്കാൻ നിയമപരമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഏറ്റെടുത്തത് 38,000 ഏക്കർ

ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമുൾപ്പെടെ 38,000 ഏക്കർ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യത്തിന്റെ 2014ലെ ഉത്തരവാണു ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയത്. സർക്കാരിന്റെ ഈ നടപടി ഹൈക്കോടതി തടഞ്ഞു. റവന്യു രേഖകൾപ്രകാരം നിലവിൽ ഭൂമിയുടെ അവകാശം കൈവശക്കാർക്ക് ആയതിനാൽ സ്പെഷൽ ഓഫിസറുടെ ഒഴിപ്പിക്കൽ ഉത്തരവു നിയമപരമല്ലെന്നും ഭൂസംരക്ഷണ നിയമപ്രകാരമുള്ള അധികാരപരിധി മറികടന്നുള്ള ഏറ്റെടുക്കൽ നിലനിൽക്കില്ലെന്നും കണ്ടാണു കോടതി ഉത്തരവു റദ്ദാക്കിയത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ റവന്യു വകുപ്പു തീരുമാനിച്ചു.