Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ്, പാലം പുനർ നിർമാണം: വിശദീകരണം തേടി കോടതി

കൊച്ചി ∙ ശബരിമല റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണ ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന സർക്കാർ ഉത്തരവു ചോദ്യം ചെയ്യുന്ന ഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തിരുവിതാംകുർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട്, എഎച്ച്പി സംസ്ഥാന പ്രസിഡന്റ് എം.കെ. ഗോപിനാഥ് എന്നിവരാണു വെവ്വേറെ ഹർജികൾ നൽകിയത്. പ്രളയത്തിൽ ദേവസ്വത്തിനു കനത്ത നഷ്ടമുണ്ടായതായി എംപ്ലോയീസ് ഫ്രണ്ടിന്റെ ഹർജിയിൽ പറയുന്നു. കക്കി ഡാമിൽ നിന്നു വൻതോതിൽ വെള്ളം തുറന്നു വിട്ടതാണു പ്രളയം രൂക്ഷമാക്കിയതെന്നു കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ടുണ്ട്. ജലസേചന വകുപ്പിനും വൈദ്യുതി ബോർഡിനും പുനർനിർമാണത്തിനു ബാധ്യതയുണ്ടെന്നു ഹർജിയിൽ പറയുന്നു.

ശബരിമല തീർഥാടകർക്ക് ഒരുക്കുന്ന സേവനങ്ങൾക്ക് വിവിധ വകുപ്പുകൾ ഈടാക്കുന്ന നിരക്ക് എത്രയെന്നു റിപ്പോർട്ട് തേടണമെന്ന് എഎച്ച്പിയുടെ ഹർജിയിൽ പറയുന്നു. ശബരില റോഡുകളും പാലങ്ങളുമൊക്കെ തീർഥാടകർക്കു പുറമെ പൊതുജനങ്ങളും ഉപയോഗിക്കുന്നതാണ്. പുനർനിർമാണ ബാധ്യത സർക്കാരിനാണ്. തീർഥാടകർക്കു സൗകര്യമൊരുക്കുന്ന പേരിൽ കെഎസ്ഇബി, കെഎസ്ആർടിസി, ജല അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങി ഏജൻസികൾ വൻതുക ഈടാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

related stories