Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഐമാരുടെ സ്ഥാനക്കയറ്റം; അനിശ്ചിതത്വം നീങ്ങുന്നു

police

കൊല്ലം∙ സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റത്തെച്ചൊല്ലി പൊലീസിൽ 15 വർഷത്തിലേറെയായി നിലനിന്നിരുന്ന വടംവലിക്കും അനിശ്ചിതത്വത്തിനും വിരാമം. ഡിവൈഎസ്പിമാരായി നിയമിക്കാനുള്ള സിഐമാരുടെ സിലക്ട് പട്ടിക രണ്ടാഴ്ചയ്ക്കകം തയാറാക്കാൻ അസാധാരണ ഉത്തരവിലൂടെ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. കളങ്കിത പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചു ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നേടുന്ന അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണു പുതിയ നിർദേശമെന്നു സർക്കാർ വിശദീകരിച്ചു. ഇതോടെ സ്ഥാനക്കയറ്റത്തിന് അർഹരായിട്ടും വർഷങ്ങളായി സിഐമാരായി തുടരുന്നവർക്കു സ്ഥാനക്കയറ്റം ലഭിക്കാൻ വഴിതുറന്നു. 

തുടക്കം എസ്ഐ സ്ഥാനക്കയറ്റത്തിൽ

എസ്ഐമാരുടെ സ്ഥാനക്കയറ്റത്തെച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് 1996 ൽ പ്രതിസന്ധി സൃഷ്ടിച്ചത്. എസ്ഐമാരുടെ സീനിയോറിറ്റി പട്ടിക തയാറാക്കുമ്പോൾ നേരിട്ട് എസ്ഐമാരായി സർവീസിൽ കയറിയവരിൽനിന്നും സ്ഥാനക്കയറ്റം വഴി എസ്ഐമാരായവരിൽനിന്നും 1:1 അനുപാതം പാലിക്കണമെന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടതോടെയാണു തർക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വരെ നീണ്ടത്.

സ്ഥാനക്കയറ്റം വഴി എസ്ഐമാരായവർ രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ കൂടുതൽ നിയമനങ്ങൾ തരപ്പെടുത്തിയപ്പോൾ, നേരിട്ടു നിയമനം നേടിയ എസ്ഐമാർ കോടതിയെ സമീപിച്ചു. തുടർന്ന് എസ്ഐമാരുടെ സിലക്ട് പട്ടിക അംഗീകരിക്കാതായതോടെ പിന്നാലെ സിഐമാരുടെ സീനിയോറിറ്റി പട്ടികയും അനിശ്ചിതത്വത്തിലായി. ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകുന്നത്, പ്രവർത്തനമികവും പശ്ചാത്തലവും നോക്കി സർക്കാർ തീരുമാനിക്കണമെന്നിരിക്കെ, പ്രതിസന്ധി മുതലെടുത്തു കളങ്കിത പശ്ചാത്തലമുള്ള പലരും കോടതിയെ സമീപിച്ചു സ്ഥാനക്കയറ്റം നേടി.

ഈ സ്ഥിതി മറികടക്കാനുള്ള ശുപാർശ സമർപ്പിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിർദേശപ്രകാരം 1996-06 കാലയളവിലെ എസ്ഐമാരുടെ സിലക്ട് ലിസ്റ്റ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. തുടർന്നാണു വകുപ്പുതല പ്രമോഷൻ കമ്മിറ്റി അടിയന്തരമായി ചേർന്ന്, റഗുലർ സ്ഥാനക്കയറ്റത്തിനുള്ള പട്ടിക തയാറാക്കാൻ നിർദേശം നൽകിയത്.