Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് 22 മുതൽ തീവ്ര ശുചീകരണം

തിരുവനന്തപുരം∙ പ്രളയാനന്തര ശുചീകരണത്തിന്റെ തുടർച്ചയായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 22 മുതൽ ഒക്ടോബർ 2 വരെ സംസ്ഥാനത്തു തീവ്ര ശുചീകരണം നടത്താൻ മന്ത്രിസഭാ തീരുമാനം. എല്ലാ സർക്കാർ ഓഫിസുകളിലും നവംബർ ഒന്നുമുതൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കണം. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നതു തടയുന്നതിനും ജലാശയ തീരത്തെ മാലിന്യം നീക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണം. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ (ഭേദഗതി) ഓർഡിനൻസ് 2017, കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 1994 എന്നിവ പ്രകാരമുളള ശിക്ഷ നൽകുന്നതിനു നടപടി സ്വീകരിക്കണം.

തീവ്ര ശുചീകരണത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉള്ള മാലിന്യം സംസ്കരിക്കുകയും വേർതിരിച്ചു പുനഃസംസ്കരണത്തിനു കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികൾ, തോടുകൾ, ജലാശയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യും . ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തും. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാ– സംസ്ഥാന തലങ്ങളിൽ ഉണ്ടാകും. ജില്ലാതല പ്രവർത്തനങ്ങളുടെ ഏകോപനം കലക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ എന്നിവർക്കായിരിക്കും.

വിദ്യാലയങ്ങളിൽ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേർതിരിക്കുന്ന പ്രവർത്തനങ്ങളിൽ അവബോധം ഉണ്ടാക്കും. ഇതിനു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണമുണ്ട്. നിലവിൽ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ശുചീകരണത്തിനു നേതൃത്വം നൽകും. പഞ്ചായത്തുകൾക്കു പരമാവധി 10,000 രൂപയും നഗരസഭകൾ, കോർപറേഷനുകൾ എന്നിവയ്ക്ക് 25,000 രൂപയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതു പ്ലാൻ ഫണ്ടിൽ നിന്നു വിനിയോഗിക്കാം. ജില്ലാതലത്തിൽ ശുചിത്വ മിഷന്റെ ഐഇസി ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വീതം ലഭ്യമാക്കും. തീവ്ര ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം കലക്ടർമാർ ഉറപ്പാക്കണം.