Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദുരിതബാധിതർക്ക് കുടുംബശ്രീ വായ്പ: നടപടി വേഗത്തിലാക്കാൻ നിർദേശം

KudumbaSree Logo

തിരുവനന്തപുരം∙ പ്രളയദുരന്തത്തിന് ഇരയായവർക്കു കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രി എ.സി.മൊയ്തീൻ നിർദേശം നൽകി. ആദ്യഘട്ടത്തിൽ അയൽക്കൂട്ടങ്ങൾ യോഗം ചേർന്നു നിലവിലുള്ള അംഗങ്ങളുടെ ആവശ്യകതാ നിർണയം നടത്തി അപേക്ഷകൾ ബാങ്കുകൾക്കു സമർപ്പിക്കും. 25ന് അകം ആദ്യഘട്ട വായ്പ ലഭിക്കുമെന്നു മന്ത്രി അറിയിച്ചു.

നിലവിലുള്ള നിബന്ധനകൾ പ്രകാരം വായ്പ വൈകുമെന്നു മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നഷ്ടമായ ഗൃഹോപകരണങ്ങൾ വാങ്ങാനും നഷ്ടമായ ജീവനോപാധികൾ വീണ്ടെടുക്കാനും സർക്കാർ പ്രഖ്യാപിച്ച വായ്പാ പദ്ധതിയായ ‘റിസർജന്റ് കേരള’യാണു വേഗത്തിലാക്കുന്നത്. നടപടികൾ വേഗത്തിലാക്കാനുള്ള ഉത്തരവു പുറപ്പെടുവിക്കാൻ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

പ്രളയബാധിത കുടുംബങ്ങളിലെ ആറു ലക്ഷം പേരിൽ ഭൂരിപക്ഷം കുടുംബങ്ങളും കുടുംബശ്രീ അംഗങ്ങളാണെന്നു മന്ത്രി പറഞ്ഞു. അല്ലാത്തവർ കുടുംബശ്രീ അംഗങ്ങളാകുന്ന മുറയ്ക്കു വായ്പ ലഭിക്കും. അയൽക്കൂട്ടങ്ങൾ ശുപാർശ ചെയ്യുന്ന തുകയാണു വായ്പയായി ലഭിക്കുക. വായ്പ ലഭിച്ചവരുടെ അർഹത ഉറപ്പാക്കാൻ സോഷ്യൽ ഓഡിറ്റിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

related stories