Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനെ ചോദ്യം ചെയ്തത് ഹൈടെക് സംവിധാനത്തിൽ

bishop-franco-mulakkal-interrogation

കൊച്ചി ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്ത തൃപ്പുണിത്തുറ വനിതാ സെല്ലിന്റെ മുകൾനിലയിലെ ആധുനിക ചോദ്യം ചെയ്യൽ മുറിക്ക് (മോഡേൺ ഇന്ററോഗേഷൻ റൂം) പ്രത്യേകകളേറെ. സൗണ്ട് പ്രൂഫ് സംവിധാനമുള്ള മുറിയിൽ 5 മൂവി ക്യാമറകൾ പ്രതിയുടെ ചലനവും ശബ്ദവും ഒപ്പിയെടുക്കും. 4 പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരേസമയം പ്രതിയെ ചോദ്യം ചെയ്യാം.

ചോദ്യം ചെയ്യുന്ന ഉദ്യാഗസ്ഥരുടെ പിറകിൽ വൺവേ ഗ്ലാസ് കൊണ്ടു വേർതിരിച്ച മോണിട്ടറിങ് റൂം. ഇതിനകത്താണു വിഡിയോ മോണിട്ടറുകൾ. ഇവിടെയുള്ള ഉദ്യോഗസ്ഥർ പ്രതിയുടെ മറുപടിയും മുഖത്തെ ഭാവമാറ്റങ്ങളും അപ്പപ്പോൾ വിശകലനം ചെയ്തു ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കു കൈമാറും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ അവയും മൈക്രോ ഫോണിലൂടെ കൈമാറും. മോണിട്ടറിങ് റൂമിലെ ഉദ്യോഗസ്ഥർക്കു പ്രതിയെയും ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും കാണാൻ സാധിക്കുമെങ്കിലും വൺവേ ഗ്ലാസ് ആയതിനാൽ പ്രതിക്ക് മോണിട്ടറിങ് റൂമിലെ ഉദ്യോഗസ്ഥരെ കാണാനാകില്ല. മോണിട്ടറിങ്ങ് റൂമിൽ 10 ഉദ്യോഗസ്ഥർക്കുള്ള സൗകര്യമാണ് ഉള്ളത്. ചോദ്യം ചെയ്യൽ പൂർണമായും റെക്കോർഡ് ചെയ്യും.

രണ്ടു വർഷം മുൻപാണു തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യൽ മുറി ആരംഭിച്ചത്. പൊലീസിന്റെ ഏതു വിഭാഗത്തിനും ഏതു കേസിലും മുറി ഉപയോഗിക്കാമെങ്കിലും പ്രധാനപ്പെട്ട കേസുകൾക്കാണ് മോഡേൺ ഇന്ററോഗേഷൻ റൂം ഉപയോഗിക്കുക. ജില്ലാ പൊലീസ് മേധാവിക്കാണു മുറിയുടെ ചുമതല.

related stories