കൊച്ചി ∙ നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പരസ്യ/ഫ്ലെക്സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കുന്ന കാര്യം സർക്കാർ ഉറപ്പാക്കണമെന്നു ഹൈക്കോടതി. നിരോധനമല്ല, നിയന്ത്രണമാണു വേണ്ടത്. ഉചിതമായ സ്ഥലങ്ങളിൽ വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകുന്നതു പരിഗണിക്കാം. ഉത്തരവു നടപ്പാക്കുന്ന കാര്യം ചീഫ് സെക്രട്ടറി നിരീക്ഷിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
ബോർഡുകൾ റോഡുകൾക്കും വഴിയാത്രക്കാർക്കും തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യത്തിനുശേഷം ബോർഡുകൾ നീക്കുന്നതു സംബന്ധിച്ചും മറ്റും വ്യവസ്ഥകളാകാം. ലംഘനങ്ങളുടെ പേരിൽ എങ്ങനെ നടപടിയാകാമെന്നും സർക്കാർ നിർദേശിക്കണം. കേസിൽ കോടതിയെ സഹായിക്കുന്ന ‘അമിക്കസ് ക്യൂരി’യായി ഹരീഷ് വാസുദേവനെ നിയമിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിക്കുന്നില്ലെന്നു സർക്കാർ ഉറപ്പാക്കണം. അനുമതിയില്ലാത്തവ നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകണം. വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോർഡുകൾ നശിച്ചുതീരുന്നതു വരെ അവിടെയിരിക്കുന്ന സ്ഥിതിയുണ്ട്. ചിലയിടങ്ങളിൽ വച്ച ബോർഡുകൾ നീക്കാതെ ഒന്നിനു മേൽ ഒന്നായി വച്ചിട്ടുള്ളതും കാണാം.
കേന്ദ്ര സർക്കാർ സ്വച്ഛ് ഭാരത് മിഷനും സംസ്ഥാന സർക്കാർ ക്ലീൻ കേരള മിഷനും പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്തു വ്യക്തികളും സ്ഥാപനങ്ങളും സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി ബോർഡുകൾ സ്ഥാപിക്കുന്നത് അനുചിതമാണ്. പ്രളയ ശേഷമുണ്ടായ മാലിന്യങ്ങളുടെ കൈകാര്യത്തിനു പോലും സ്ഥലമില്ലാത്ത സ്ഥിതിയുണ്ട്. നിയമം ലംഘിച്ചു പൊതുജനാരോഗ്യത്തെയും ക്ഷേമത്തെയും ഹനിക്കുന്ന നടപടി സാധ്യമല്ലെന്നു കോടതി പറഞ്ഞു. ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് പള്ളിയുടേത് അടക്കമുള്ള ഹർജികളാണു കോടതി പരിഗണിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഫ്ലെക്സ്/പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതു നിയമവിരുദ്ധമാണെന്നു സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. അനധികൃതമായവ നീക്കേണ്ടുന്ന നിയന്ത്രണാധികാരമുള്ള പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നീ സ്ഥാപനങ്ങളാണെന്നും അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യ കൈകാര്യ ചട്ടം പരിഗണിച്ചും ഫ്ലെക്സ് ബോർഡിനു നിയന്ത്രണം വേണമെന്നു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.