Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിമിനൽ കേസിന്റെ പേരിൽ പാസ്പോർട് തടയരുത്: ഹൈക്കോടതി

high-court-kerala-5

കൊച്ചി ∙ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തുവെന്ന പൊലീസ് റിപ്പോർട്ടിന്റെ പേരിൽ പാസ്പോർട് തടയാനാവില്ലെന്നു ഹൈക്കോടതി. കുറ്റപത്രം നൽകിയതോ, കോടതിയുടെ പരിഗണനയിലുള്ളതോ ആയ കേസുകളാണു തടസ്സമെന്നു കോടതി വ്യക്തമാക്കി. പാസ്പോർട്ടിനുള്ള പൊലീസ് പരിശോധനാ റിപ്പോർട്ടിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾക്കൊപ്പം കേസ് ഏതു ഘട്ടത്തിലെത്തിയെന്നു വ്യക്തമാക്കാൻ നടപടിയെടുക്കണമെന്നു സംസ്ഥാന പൊലീസ് മേധാവിയോടു നിർദേശിച്ചിട്ടുണ്ട്.

യാത്ര ചെയ്യാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം നിയമപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെയല്ലാതെ തടസ്സപ്പെടുത്താനാവില്ലെന്നു കോടതി വ്യക്തമാക്കി. പാസ്പോർട്ടിനുള്ള മാർഗരേഖയനുസരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ മാത്രം കേസ് പരിഗണനയിലാണെന്നു കരുതാനാവില്ല. കുറ്റപത്രം നൽകി, കോടതിയുടെ പരിഗണനയിലുള്ള ക്രിമിനൽ കേസുകളാണു പരിഗണിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. വടകര സ്വദേശി മുഹമ്മദ് സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവിന്റെ ഉത്തരവ്.

‘തത്കാൽ’ സംവിധാനത്തിൽ പാസ്പോർട്ട് എടുത്ത് 2014ൽ വിദേശത്തു പോയ ഹർജിക്കാരൻ 2018 ജനുവരിയിൽ തിരിച്ചു വന്നപ്പോൾ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാസ്പോർട് കണ്ടുകെട്ടിയതു ചോദ്യം ചെയ്താണു ഹർജി. ക്രിമിനൽ കേസ് നിലവിലുണ്ടെന്നാണു പൊലീസ് അറിയിച്ചതെന്നും കേസ് ഏതുഘട്ടത്തിലാണെന്നു പൊലീസ് പരിശോധനാ റിപ്പോർട്ടിൽ ഇല്ലെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. പാസ്പോർട്ട് ദുരുപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്തു പൊതുതാൽപര്യവും ദേശസുരക്ഷയും മുൻനിർത്തിയാണു നടപടിയെന്നും വിശദീകരിച്ചു.

അതേസമയം താൻ വസ്തുതകളൊന്നും മറച്ചുവച്ചിട്ടില്ലെന്നും സമൻസ് കിട്ടാത്തതിനാൽ കേസിൽ പ്രതിചേർത്ത കാര്യം അറിയില്ലായിരുന്നുവെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. കേസ് റജിസ്റ്റർ ചെയ്തു എന്നല്ലാതെ കേസ് പരിഗണനയിലാണെന്നു പറയാവുന്ന ഘട്ടം എത്തിയിട്ടില്ലാത്തതിനാൽ അക്കാര്യം വെളിപ്പെടുത്തേണ്ട ബാധ്യത ഹർജിക്കാരനില്ലെന്നു കോടതി വ്യക്തമാക്കി. പാസ്പോർട് കണ്ടുകെട്ടിയ നടപടി റദ്ദാക്കിയ കോടതി അതു തിരിച്ചുനൽകണമെന്നു നിർദേശിച്ചു.

related stories