Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് തേടി നിരാഹാര സമരം 13–ാം ദിവസത്തിൽ

nun-case-protest ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകരുതെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ഐജി ഓഫിസിലേക്ക് ആക്‌ഷൻ കൗൺസിൽ നടത്തിയ മാർച്ച്. സി.ആർ. നീലകണ്ഠൻ, ജോയി മാത്യു തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: മനോരമ

കൊച്ചി ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരം 13–ാം ദിവസത്തിലേക്കു കടന്നു. സമരപ്പന്തലിൽ നിരാഹാരത്തിലായിരുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലും നിരാഹ‌ാര സമരം തുടരുകയാണ്. എഴുത്തുകാരി പി. ഗീത, ക്രിസ്ത്യൻ റവല്യൂഷണറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് എന്നിവരാണ് സമരപ്പന്തലിൽ നിരാഹാര സമരത്തിലുള്ളത്.

ബിഷപ് പൊലീസിനു മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായ പശ്ചാത്തലത്തിൽ സമര വേദിയിലും മുഖ്യ ചർച്ചയും ആശങ്കയും അതായിരുന്നു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഐജി ഓഫിസ് മാർച്ചും സംഘടിപ്പിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. സർക്കാരും സഭയും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടു കാരണമാണ് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘ബിഷപ്പിനെ ചോദ്യം ചെയ്യുവാൻ പോലും പേടിക്കുന്ന പൊലീസ് എങ്ങനെ നീതി നടപ്പാക്കും. സാധാരണക്കാരനായിരുന്നു ബിഷപ്പിന്റെ സ്ഥാനത്തെങ്കിൽ പരാതി ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. സഭയുടെ കോടിക്കണക്കിന് സ്വത്തുക്കളുടെ മുന്നിൽ സർക്കാർ ഭരണ നിർവഹണ സംവിധാനം നിശ്ചലമായിരിക്കുന്നു. സഭയെ പിണക്കിയാൽ അധികാരം നഷ്ടപെടുമെന്ന ഭയമാണ് ഇടതുപക്ഷ സർക്കാരിന്’- അദ്ദേഹം ആരോപിച്ചു.

സാമൂഹിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി, ലൈല ഷമീർ എന്നിവർ പ്രസംഗിച്ചു. ഐജി ഓഫിസിന് സമീപം പൊലീസ് മാർച് തടഞ്ഞു. തുടർന്നു റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സേവ് അവർ സിസ്റ്റേഴ്‌സ് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് വടകരയിൽ നിന്നെത്തിയ റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തിലുള്ള പെൺകുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റൈറ്റേഴ്‌സ് ഫോറം സംഘടന പ്രതിനിധികളും പിന്തുണയുമായെത്തി. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അടക്കമുള്ള പൊതുപ്രവർത്തകരും സമരവേദിയിലെത്തി.

related stories