Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുൾപൊട്ടലിൽ അമ്മയും വീടും നഷ്ടമായി; ‘ഞാനുമുണ്ടോ സാലറി ചാലഞ്ചിൽ’

nellyani-preman അരീക്കോട് ഓടക്കയം ആദിവാസി കോളനിയിലെ തകർന്ന വീടിനു മുന്നിൽ നെല്യായി പ്രേമൻ.

മലപ്പുറം ∙ ഉരുൾപൊട്ടലിൽ അമ്മ മരിച്ചു, വായ്പയെടുത്ത് നിർമിച്ച പുതിയ വീട് തകർന്നടിഞ്ഞു. തളർന്നുകിടക്കുന്ന അച്ഛനും മാനസികാസ്വാസ്ഥ്യമുള്ള മാതൃസഹോദരിക്കുമൊപ്പം ദുരിതാശ്വാസ കേന്ദ്രത്തിലിരുന്ന് അരീക്കോട് ഓടക്കയം ആദിവാസി കോളനിയിലെ നെല്ല്യായി പ്രേമൻ (43) ചോദിക്കുകയാണ്, ‘സാർ, ഒരു മാസത്തെ ശമ്പളം ഞാനും അടയ്ക്കണോ?’ നിലമ്പൂരിലെ ഐടിഡിപി ജില്ലാ ഓഫിസിൽ നൈറ്റ് വാച്ച്മാൻ ആണ് പ്രേമൻ.

ദുരിതം നേരിട്ടറിയാവുന്നതിനാൽ ദുരിതാശ്വാസനിധിയിലേക്ക് തന്റെ വിഹിതം നൽകാൻ തയാറാണ്. പക്ഷേ, വായ്പാതിരിച്ചടവുകളും വീട്ടുകാരുടെ ചികിത്സാച്ചെലവുമായി വലിയ തുക വരും. ദുരന്തബാധിതരെ ഓർക്കുമ്പോൾ, ശമ്പളം പിടിക്കാൻ സമ്മതമല്ലെന്ന് എഴുതിനൽകുന്നത് വിഷമമാണെന്നും പ്രേമൻ പറ‍ഞ്ഞു.

ഓഗസ്റ്റ് 16ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 5 വീടുകൾ തകർന്ന് 7 പേരാണ് മരിച്ചത്. പ്രേമന്റെ അമ്മ മാതയും അതിൽപെടുന്നു. അയൽവീട്ടിൽ ആകെയുണ്ടായിരുന്ന 4 പേരും മരിച്ചു. മറ്റൊരു കുടുംബത്തിലെ 2 പേരും. പ്രേമന്റെ ഭാര്യ ശാന്ത, 4 വയസ്സുള്ള മകൾ പ്രബിഷ, ചെറിയമ്മ സുമതി എന്നിവരെ നാട്ടുകാർ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സുമതിയുടെ കാലിലെ അസ്ഥിപൊട്ടി ചികിത്സയിലാണ്. വീട്ടുകാർ അപകടത്തിൽപെട്ടപ്പോൾ നിലമ്പൂരിലെ ജോലിസ്ഥലത്തായിരുന്നു പ്രേമൻ. ഇപ്പോൾ ഓടക്കയം സാംസ്കാരികനിലയത്തിൽ മറ്റ് 4 പേർക്കൊപ്പം കഴിയുകയാണ് ഈ കുടുംബം.

10 ലക്ഷം രൂപ വായ്പയെടുത്താണ് വീടുവച്ചത്. വയറിങ് ഉൾപ്പെടെയുള്ള ജോലികൾക്കായി 1 ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവുകളും ചികിത്സാച്ചെലവുകളും കഴിഞ്ഞാൽ ചെറിയ തുകയാണ് കയ്യിൽ കിട്ടുന്നത്. മരിച്ചവരുടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപ കിട്ടി. മറ്റൊരു ഭൂമി വാങ്ങാനും വീടുവയ്ക്കാനും സർക്കാർ സഹായം കാത്തുനിൽക്കുമ്പോഴാണ് സാലറി ചാലഞ്ച് വരുന്നത്. സഹപ്രവർത്തകരുടെ നിർദേശമനുസരിച്ച് തീരുമാനമെടുക്കുമെന്ന് പ്രേമൻ പറഞ്ഞു.