Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിസ്ഥിതി പ്രത്യാഘാതം: അതോറിറ്റിയിൽ ആളില്ലാതെ കേരളം

തിരുവനന്തപുരം∙ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ ഒന്നിനു പുറകെ ഒന്നായി എത്തുമ്പോഴും ഖനനവും വൻകിട നിർമാണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ളവയുടെ പരിസ്ഥിതി പ്രത്യാഘാതം വിലയിരുത്തി അനുമതി നൽകാനുള്ള അതോറിറ്റിയിൽ ആളില്ലാതെ കേരളം. സ്റ്റേറ്റ് ലെവൽ എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി(എസ്‌ഇഐഎഎ)യുടെ കാലാവധി കഴിഞ്ഞ മാർച്ചിൽ കഴിഞ്ഞശേഷം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല.

അതോറിറ്റിയുടെ കീഴിൽ വിദഗ്ധ പരിശോധനയുടെ ചുമതല വഹിക്കുന്ന അപ്രൈസൽ കമ്മിറ്റിയും നിലവിലില്ല. അതോറിറ്റിയിലെയും അപ്രൈസൽ കമ്മിറ്റിയിലെയും അംഗങ്ങളെ നാമനിർദേശം ചെയ്തു കേന്ദ്ര സർക്കാരിനു നൽകിയെങ്കിലും അംഗീകാരം ലഭിച്ചില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. അഞ്ചു ഹെക്ടറിൽ കൂടുതലുള്ള ക്വാറികൾ, 20,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള വൻകിട നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം അതോറിറ്റിയുടെ അനുമതി നിർബന്ധമാണ്. അപേക്ഷകളുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തുന്നത് അതോറിറ്റിയുടെ കീഴിലുള്ള അപ്രൈസൽ കമ്മിറ്റിയാണ്.

അപ്രൈസൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി അന്തിമാനുമതി നൽകുന്നത്. എന്നാൽ, ആറുമാസമായി അതോറിറ്റിയും അപ്രൈസൽ കമ്മിറ്റിയും നിലവിലില്ലാത്തതിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അപേക്ഷ നൽകി 100 ദിവസത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കൽപിതാനുമതി ലഭിച്ചതായി കണക്കാക്കാനും വ്യവസ്ഥയുണ്ട്. ക്വാറികളുടെ കാര്യത്തിൽ സംസ്ഥാന അതോറിറ്റി നിലവിലില്ലെങ്കിൽ കേന്ദ്ര പരിസ്ഥിതി വിദഗ്ധസമിതിയുടെ അനുമതി വാങ്ങണം. അടുത്തിടെ ആറു ക്വാറികളുടെ അനുമതി കേന്ദ്ര വിദഗ്ധസമിതി നിരസിച്ചിരുന്നു.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മെംബർ സെക്രട്ടറിയായ അതോറിറ്റിയിൽ ചെയർമാനും അംഗവുമുൾപ്പെടെ മൂന്നു പേരാണുള്ളത്. പരിസ്ഥിതി മേഖലയിലെ വിദഗ്ധരായ 13 പേരാണ് അപ്രൈസൽ കമ്മിറ്റിയിലുള്ളത്. സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു സമിതിയിൽ അംഗങ്ങളെ നിയമിക്കേണ്ടത്.

∙ 'അതോറിറ്റിയിലെയും അപ്രൈസൽ കമ്മിറ്റിയിലെയും അംഗങ്ങളുടെ പട്ടിക കേരളം സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. ഗസറ്റ് വിജ്ഞാപനം ഉടനുണ്ടാകുമെന്നാണു പ്രതീക്ഷ.' - പി.എച്ച്.കുര്യൻ (അഡീഷനൽ ചീഫ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ്)