Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രധാന തീരുമാനങ്ങൾ ഒന്നുമില്ലാതെ മന്ത്രിസഭാ യോഗം; മന്ത്രി ശൈലജ പങ്കെടുത്തില്ല

Government of Kerala

തിരുവനന്തപുരം∙ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ കെ.കെ.ശൈലജ ഒഴികെ എല്ലാ മന്ത്രിമാരും പങ്കെടുത്തു. ആരോഗ്യ കാരണങ്ങളാൽ കൊച്ചിയിൽ ആയിരുന്ന ശൈലജ ഇന്നലെ വൈകിട്ടാണു തലസ്ഥാനത്തു മടങ്ങിവന്നത്. യോഗത്തിനെത്താൻ കഴിയില്ലെന്ന് അവർ ജയരാജനെ അറിയിച്ചിരുന്നു. അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം 27നു നടക്കും.

26ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗമുള്ളതിനാലാണു പിറ്റേന്നു രാവിലെ 10.30നു മന്ത്രിസഭ ചേരാൻ തീരുമാനിച്ചത്. ഹെഡ്മാസ്റ്റർ ഇല്ലാത്ത വിദ്യാലയം പോലെയായിരുന്നു ഇന്നലത്തെ മന്ത്രിസഭാ യോഗം. ജയരാജൻ യോഗ അജൻഡ വായിച്ചതിനെത്തുടർന്നു ചർച്ചകളിലേക്കു കടന്നു. എം.എം.മണി ഉൾപ്പെടെയുള്ളവർ പ്രളയകഥകൾ വിവരിച്ചു. സുപ്രധാന തീരുമാനങ്ങളൊന്നും അജൻഡയിൽ ഇല്ലാത്തതിനാൽ ജയരാജനു കാര്യമായി ഒന്നും പറയാനില്ലായിരുന്നു.

പ്രളയത്തെ തുടർന്നുള്ള പുനർനിർമാണ, പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ച കെപിഎംജിയുടെ റിപ്പോർട്ടും മറ്റും ധനവകുപ്പിനു വേണ്ടി തോമസ് ഐസക് ആണ് അവതരിപ്പിച്ചത്. സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളം പിരിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ടെങ്കിലും മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തില്ല. യോഗം ഒരു മണിക്കൂർ നീണ്ടു.