Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് മൂന്നാം തവണയും കോടതി തള്ളി; ബാർ കേസിൽ തുടരന്വേഷണം വീണ്ടും

KM Mani കെ.എം. മാണി

തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ റിപ്പോർട്ട് മൂന്നാം തവണയും കോടതി തള്ളി.  തുടരന്വേഷണത്തിനു സർക്കാരിൽനിന്ന് അനുമതി വാങ്ങാനും കോടതി നിർദേശിച്ചു. തുടർനടപടിയിൽ വിജിലൻസ് കോടതി ഡിസംബർ 10ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. യുഡിഎഫ് ഭരണകാലത്തു പൂട്ടിയ ബാറുകൾ തുറക്കാൻ ഉടമകളിൽനിന്നു കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണു കേസ്.

അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമർശിച്ചു. കോടതി നിർദേശിച്ച പ്രകാരമുള്ള സമഗ്ര അന്വേഷണം നടത്തിയില്ലെന്നാണു വിജിലൻസിനുള്ള വിമർശനം. നിയമകാര്യങ്ങൾക്കെന്നപേരിൽ ബാർ ഉടമകൾ പിരിച്ച പണം എവിടേക്കു പോയി എന്നതു റിപ്പോർട്ടിൽ പറയുന്നില്ല. ബാർ ഉടമകളുടെ യോഗത്തിന്റേതെന്നു ചൂണ്ടിക്കാട്ടി സംഘടനയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയെക്കുറിച്ചു ശരിയായ അന്വേഷണം നടന്നില്ല. ഈ സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യമുണ്ട്– കോടതി വിലയിരുത്തി.

മാണിക്കെതിരെ കേസിനു തെളിവുണ്ടെന്നു മുൻ സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശൻ വിജിലൻസിനു നിയമോപദേശം നൽകിയിരുന്നു. ഇതു മറികടന്നാണു തെളിവില്ലെന്ന റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിച്ചത്. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ടു കുറ്റപത്രം തയാറാക്കുകയോ തുടരന്വേഷണത്തിന് ഉത്തരവിടുകയോ വേണമെന്നായിരുന്നു വി.എസ്. അച്യുതാനന്ദൻ അടക്കം കക്ഷി ചേർന്നവരുടെ ആവശ്യം. തുടരന്വേഷണം ആവശ്യമില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.

വിഎസിനു പുറമെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ എംപി, നോബിൾ മാത്യു, സണ്ണി മാത്യു എന്നിവരാണു റിപ്പോർട്ടിനെതിരെ കോടതിയിൽ തടസ്സഹർജി നൽകിയത്. മന്ത്രി വി.എസ്.സുനിൽ കുമാർ കക്ഷി ആയിരുന്നെങ്കിലും ഭരണം മാറിയതോടെ കേസിൽനിന്നു പിന്മാറി. 

മൂന്നു തവണ കുറ്റവിമുക്തനാക്കി; മൂന്നും കോടതി തള്ളി

യുഡിഎഫ് സർക്കാരിന്റെ കാലത്തു രണ്ടും ഈ സർക്കാരിന്റെ കാലത്തു വീണ്ടുമൊരിക്കൽക്കൂടിയുമാണ് വിജിലൻസ് സംഘം അന്വേഷിച്ചു മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത്. മാണിക്കെതിരെ 2014 ഡിസംബറിലാണു വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്. കോഴ ആരോപണത്തിൽ തെളിവില്ലെന്ന ആദ്യ റിപ്പോർട്ട് എസ്പി: ആർ.സുകേശൻ 2015 ജൂലൈയിൽ കോടതിയിൽ നൽകി. തടസ്സവാദവുമായി വിഎസ് അടക്കം 11 പേർ കോടതിയെ സമീപിച്ചതോടെ തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടു. തെളിവില്ലെന്ന രണ്ടാമത്തെ റിപ്പോർട്ട് 2016 ഫെബ്രുവരിയിൽ എസ്പി: സുകേശൻ വീണ്ടും കോടതിയിൽ നൽകി.

ഈ സർക്കാർ വന്നതോടെ, അന്വേഷണത്തിൽ സമ്മർദമുണ്ടായിരുന്നെന്നും കേസിൽ തെളിവുണ്ടെന്നും പറഞ്ഞു സുകേശൻ വീണ്ടും കോടതിയിൽ റിപ്പോർട്ട് നൽകി. 2017 ഓഗസ്റ്റിൽ വീണ്ടും തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടു. സുകേശൻ വിരമിച്ചതോടെ അന്വേഷണം ഡിവൈഎസ്പി: ശ്യാം കുമാറിനെ ഏൽപിച്ചു. കഴിഞ്ഞ മാർച്ചിൽ എസ്പി: കെ.ഇ. ബൈജു തെളിവില്ലെന്ന റിപ്പോർട്ട് മൂന്നാമതും കോടതിയിൽ നൽകി. അതാണ് ഇപ്പോൾ തള്ളിയത്.

മൂന്നു തവണ അന്വേഷിച്ച കേസ്; ഇനിയും അന്വേഷിച്ചോട്ടെ

∙ 'യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ 3 തവണ അന്വേഷിച്ച കേസാണിത്. നാനൂറോളം സാക്ഷികളെ വിസ്തരിച്ചാണു വിജിലൻസ് റിപ്പോർട്ട്. ബാറുകൾ തുറക്കാനോ പൂട്ടാനോ ഇടപെട്ടില്ല. ധനമന്ത്രിക്ക് അതിൽ ഒരു കാര്യവുമില്ല. മദ്യനയം തീരുമാനിക്കുന്നതു  മന്ത്രിസഭയാണ്. ഞാൻ തെറ്റു ചെയ്തതായി ഒരു തെളിവും കണ്ടെത്താനായിട്ടില്ല. വീണ്ടും അന്വേഷിക്കണമെങ്കിൽ അന്വേഷിച്ചോട്ടെ. നീതിക്കായുള്ള പോരാട്ടം തുടരും.' - കെ.എം. മാണി

മറ്റു പ്രതികരണങ്ങൾ

∙ 'കോടതി പറഞ്ഞത് സർക്കാർ അനുസരിക്കും. നിയമവശം കൂടി പരിശോധിച്ചു തുടർനടപടി.' - മന്ത്രി ഇ.പി.ജയരാജൻ

∙ 'കേസ് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾക്കു കീഴിൽ വിജിലൻസ് നിഷ്പക്ഷ അന്വേഷണം നടത്തി മാണി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതാണ്. മാണിയെ കുറ്റക്കാരനാക്കാൻ ഒരു തെളിവും സർക്കാരിനു മുൻപിലില്ല.' - രമേശ് ചെന്നിത്തല

∙ 'രാഷ്ട്രീയ എതിരാളികളെ കേസിൽ കുടുക്കാനാണു സർക്കാർ നീക്കം. കേസ് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും.' - പി.കെ.കുഞ്ഞാലിക്കുട്ടി

∙ 'വിജിലൻസ് റിപ്പോർട്ട് തള്ളിയതിൽ സന്തോഷം. പ്രോസിക്യൂഷൻ വാദിച്ചതു മാണിക്കു വേണ്ടിയാണ്.' - ബിജു രമേശ്

∙ 'തുടരന്വേഷണം എത്രയും വേഗം വേണം. കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിച്ച നിലപാടുകൾ പരിശോധിക്കണം' - വി.എസ്.അച്യുതാനന്ദൻ

∙ 'മാണിക്കെതിരെ തെളിവുണ്ടെന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും മറിച്ചുള്ള റിപ്പോർട്ട് കോടതി നിരാകരിച്ചത്. അതിനാൽ തുടരന്വേഷണം കൂടിയേ തീരൂ.' - കോടിയേരി ബാലകൃഷ്ണൻ

∙ 'ബാ‍ർ കേസിൽ വസ്തുതകളുണ്ടെന്നു കൂടുതൽ വ്യക്തമായി. തുടരന്വേഷണത്തിലൂടെ അവ നിയമത്തിനു മുന്നിൽ കൊണ്ടുവരണം' - കാനം രാജേന്ദ്രൻ

∙ 'അഴിമതി ആരു നടത്തിയാലും നടപടി വേണം. നിയമം നിയമത്തിന്റെ വഴിക്കു പോകണം.' - പി.എസ്. ശ്രീധരൻ പിള്ള