Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ നേതൃനിര മൽസരിക്കുമോ? കോൺഗ്രസിൽ ചർച്ച സജീവം

Mullapally ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, നിയുക്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചിത്രമെടുക്കുന്ന ഭാര്യ ഉഷ.

ന്യൂഡൽഹി∙ കെപിസിസിയുടെ പുതിയ ഭാരവാഹികളിൽ പാർലമെന്ററി രാഷ്ട്രീയ രംഗത്ത് ആരൊക്കെ തുടരുമെന്ന കാര്യത്തിൽ ചർച്ച സജീവം. നിലവിൽ വടകര എംപിയായ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന സന്ദേശം ഹൈക്കമാൻഡിനെ അറിയിച്ചതായാണു സൂചന. 

വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, എം.ഐ.ഷാനവാസ്, കെ.സുധാകരൻ എന്നിവരും പ്രസിഡന്റിന്റെ ചുവടുപിടിച്ചു സമാന നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യം പാർട്ടിക്കുള്ളിൽ ഉയർന്നു. ഭാരവാഹികളുടെ ഭാഗത്തുനിന്ന് ആത്മാർഥമായ പ്രവർത്തനമാണ് ഇപ്പോൾ പാർട്ടിക്ക് ആവശ്യമെന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു പിന്നീടു തീരുമാനിക്കേണ്ട വിഷയമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പ്രസിഡന്റിന്റെ നയം പിന്തുടരാൻ കൊടിക്കുന്നിൽ, ഷാനവാസ് എന്നിവർ തീരുമാനിച്ചാൽ ഇവർ പ്രതിനിധീകരിക്കുന്ന മാവേലിക്കര, വയനാട് മണ്ഡലങ്ങളിൽ പുതിയ നേതാക്കളെ കണ്ടെത്തേണ്ടിവരും.

ഭാരവാഹികൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ കൃത്യമായ ചട്ടങ്ങളില്ല. കർണാടക പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവുവും വർക്കിങ് പ്രസിഡന്റ് ഈശ്വർ ഖണ്ഡ്രേയും നിലവിൽ എംഎൽഎമാരാണ്.

പാർട്ടിയുടെ ദേശീയ അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ, സംസ്ഥാന ഭാരവാഹികൾ മാറിനിൽക്കണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.