Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ധനസഹായം, സാധനങ്ങൾ: വിതരണം 29നു മുൻപ് തീർക്കണമെന്നു മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം∙ പ്രളയബാധിതർക്കുള്ള 10,000 രൂപയുടെ ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധന സാമഗ്രികളുടെ വിതരണവും 29നു മുൻപായി പൂർത്തിയാക്കാൻ മന്ത്രിസഭാ ഉപസമിതി നിർദേശിച്ചു. ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പൂർത്തിയായി. 5.52 ലക്ഷം പേർക്കു നൽകിക്കഴിഞ്ഞു.

പുതിയതായി ലഭിച്ച അപേക്ഷകളിലാണു സഹായം നൽകാൻ ശേഷിക്കുന്നത്. മേയ് 29 മുതൽ 439 പേരാണു കാലവർഷക്കെടുതിയിൽ മരിച്ചത്. ഇതിൽ 331 കുടുംബങ്ങൾക്കു മരണാനന്തര ആനുകൂല്യം നൽകി. എഫ്ഐആർ, നിയമാനുസൃത ആശ്രിതർ എന്നിവ സംബന്ധിച്ച രേഖ ലഭ്യമാക്കുന്നതിലെ കാലതാമസം കാരണം നൂറോളം അപേക്ഷകൾ വിവിധ ഘട്ടങ്ങളിലാണെന്ന് ഉപസമിതി യോഗം വിലയിരുത്തി.

കുടുംബശ്രീ മുഖേന വീട്ടമ്മമാർക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നൽകുന്നതിന്റെ ഭാഗമായി 1,00,770 അപേക്ഷകളിൽ നടപടി പൂർത്തിയായി. ഇതുൾപ്പെടെ രണ്ടു ലക്ഷം അപേക്ഷകളിൽ ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കും. ഒരോ വീട്ടിലെയും അടിയന്തര ആവശ്യം കണ്ടറിഞ്ഞു പരമാവധി കടബാധ്യത കുറച്ചുകൊണ്ടാണ് ഒരു ലക്ഷം വരെ വായ്പ നൽകുക.

സർട്ടിഫിക്കറ്റ് വിതരണം വൈകുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ സമിതി നിർദേശം നൽകി. എറണാകുളം ജില്ലയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ഏഴ് അദാലത് സംഘടിപ്പിച്ചാണു വിതരണം ചെയ്തത്. ഈ ജില്ലയിൽ ഒക്ടോബർ ഒന്നു മുതൽ ഈ സേവനം തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങളിൽ ലഭ്യമാക്കും.

തൃശൂർ ജില്ലയിൽ 27 മുതൽ 30 വരെയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെയും ഐടി അധിഷ്ഠിത അദാലത്തുകൾ സംഘടിപ്പിക്കും. മറ്റു ജില്ലകളിൽ ആവശ്യാനുസരണം സാധാരണ അദാലത് സംഘടിപ്പിക്കുന്നുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, ആധാർ, ചിയാക്, ഡ്രൈവിങ് ലൈസൻസുകൾ എന്നീ രേഖകളാണു നഷ്ടപ്പെട്ടവയിലേറെയും.

യോഗത്തിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

related stories