Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറുമുറുപ്പുകൾ തള്ളി നേതൃത്വം; ‘പാക്കേജിന്’ പൊതു അംഗീകാരം

kpcc-office-bearers

തിരുവനന്തപുരം ∙ എഐസിസിയുടെ പുതിയ ‘പാക്കേജി’നെക്കുറിച്ചുയർന്ന ചെറിയ മുറുമുറുപ്പുകൾ സംസ്ഥാന നേതൃത്വം തള്ളി. രാവിലെ കൂടിക്കണ്ട ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തുടർന്നു തീരുമാനം സ്വാഗതം ചെയ്തു. വിമതസ്വരം മുഴക്കാറുള്ള മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പട്ടികയെക്കുറിച്ചു മതിപ്പു പ്രകടിപ്പിച്ചതോടെ നേതാക്കൾക്കു കാര്യങ്ങൾ എളുപ്പമായി. 

കെപിസിസി പ്രസിഡന്റുപദം ആഗ്രഹിച്ച് വർക്കിങ് പ്രസിഡന്റാകേണ്ടിവന്ന കെ.സുധാകരന്റെ പ്രതിഷേധം തീർക്കാൻ ചെന്നിത്തല നേരിട്ട് ഇടപെട്ടു. ഇതോടെ കലാപത്തിനില്ലെന്നു സുധാകരൻ വ്യക്തമാക്കി. സ്ഥാനമൊഴി‍ഞ്ഞ എം.എം.ഹസനും പുതിയ ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഗ്രൂപ്പുകൾക്കു തങ്ങളുടെ ഇംഗിതങ്ങൾ അതേപടി നടപ്പായില്ലെന്ന ഖേദമുണ്ട്. കെ.സുധാകരനും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും മാത്രമാണു ഗ്രൂപ്പ് നോമിനികൾ. എംപിമാർക്കു കൂടുതൽ പരിഗണന ലഭിച്ചു. 

വർക്കിങ് പ്രസിഡന്റുമാരായി ബെന്നി ബഹനാൻ, വി.ഡി.സതീശൻ, ഷാനിമോൾ ഉസ്മാൻ എന്നിവരെ കൊണ്ടുവരണമെന്ന നിർദേശം ഇവിടെനിന്ന് ഉയർന്നിരുന്നു. എന്നാൽ, ബെന്നിക്കും സതീശനും ഇതിൽ താൽപര്യമുണ്ടായിരുന്നില്ല. വർക്കിങ് പ്രസിഡന്റുമാരെ മേഖല തിരിച്ചു നിയോഗിക്കണമോ, അതോ ജോലിഭാരം വിഭജിച്ചാൽ മതിയോ എന്നതു നേതൃത്വം ചർച്ച ചെയ്യും. 

കോൺഗ്രസ് അധ്യക്ഷനെ കണ്ടു നന്ദി അറിയിച്ചശേഷം മുല്ലപ്പള്ളി ഈ ദിവസങ്ങളിൽത്തന്നെ ചുമതലയേൽക്കും. ബെന്നി ബഹനാൻ കൺവീനർപദം ഏറ്റെടുക്കുന്ന മുന്നണി യോഗത്തിന്റെ കാര്യത്തിലും തീരുമാനമായില്ല. കൊച്ചിയിൽ 25നു ചേർന്നാലോയെന്ന് ആലോചനയുണ്ട്.