Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ്; സുധാകരൻ, ഷാനവാസ്, കൊടിക്കുന്നിൽ വർക്കിങ് പ്രസിഡന്റുമാർ

kpcc-office-bearers

ന്യൂഡൽഹി ∙ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി പുതിയ കെപിസിസി പ്രസിഡന്റ്. കെ.സുധാകരൻ, എംപിമാരായ എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കെ.മുരളീധരനാണു ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണസമിതി അധ്യക്ഷൻ. ബെന്നി ബഹനാൻ യുഡിഎഫ് കൺവീനറാകുമെന്നു ശക്തമായ അഭ്യൂഹമുണ്ടെങ്കിലും പ്രഖ്യാപനം വന്നിട്ടില്ല. 

കേരളത്തിൽ ഇത്രയേറെ വർക്കിങ് പ്രസിഡന്റുമാർ ആദ്യമാണ്. തിരഞ്ഞെടുപ്പു നടക്കാനിരിക്കേ സംസ്ഥാനങ്ങളിൽ ശക്തമായ പ്രവർത്തനത്തിനു പ്രസിഡന്റുമാർക്കു സഹായവുമായി വർക്കിങ് പ്രസിഡന്റുമാർ കൂടി വേണമെന്നാണു രാഹുലിന്റെ നിലപാട്. നേതൃപാടവത്തിനൊപ്പം ഗ്രൂപ്പ്, സമുദായ സമവാക്യങ്ങളും നിയമനങ്ങളിൽ മാനദണ്ഡമായി. 

മുല്ലപ്പള്ളിയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. എ.കെ.ആന്റണിയുടെ അഭിപ്രായവും രാഹുൽ തേടി. 

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു നേതൃത്വം വഹിച്ച മുല്ലപ്പള്ളിയിലുള്ള വിശ്വാസം കൂടി പരിഗണിച്ചാണു തീരുമാനമെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ഇനി തിരഞ്ഞെടുപ്പിനില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പാർട്ടി മുഖ്യധാരയിലേക്കുള്ള മുരളീധരന്റെ മടങ്ങിവരവിനും ദേശീയ നേതൃത്വം വഴിയൊരുക്കി.