Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ ട്രൈബ്യൂണൽ കയ്യേറ്റം: എംഎൽഎ ഒന്നാം പ്രതി

S-Rajendran എസ്.രാജേന്ദ്രന്‍ (ഫയല്‍ ചിത്രം)

മൂന്നാർ∙ ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സിപിഎം എംഎൽഎ എസ്. രാജേന്ദ്രനും, ദേവികുളം തഹസിൽദാർ പി.കെ. ഷാജിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. രാജേന്ദ്രനാണ് ഒന്നാം പ്രതി. തഹസിൽദാർ രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണു കേസ്. ട്രൈബ്യൂണൽ അംഗം എൻ.കെ. വിജയൻ നൽകിയ പരാതിയിലാണു നടപടി. ആഭ്യന്തര സെക്രട്ടറി ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സബ് കലക്ടർ റിപ്പോർട്ട് ഇടുക്കി കലക്ടർക്കും ആഭ്യന്തര സെക്രട്ടറിക്കും കൈമാറി. ആഭ്യന്തര സെക്രട്ടറി മൂന്നാർ ട്രൈബ്യൂണൽ സന്ദർശിച്ചേക്കും.

മണ്ണിടിച്ചിലിൽ പ്രവർത്തനം നിലച്ച മൂന്നാർ ഗവ. ആർട്സ് കോളജ് താൽക്കാലികമായി പ്രവർത്തിക്കുന്നതിന് ട്രൈബ്യൂണൽ കെട്ടിടം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ചുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ട്രൈബ്യൂണലിലെ കോടതി ഹാൾ ക്ലാസ് മുറിയാക്കി മാറ്റുകയും അധ്യാപകരോട് ക്ലാസ് തുടങ്ങാൻ എംഎൽഎ നിർദേശിക്കുകയും ചെയ്തിരുന്നു.എന്നാൽ അധ്യാപകരോ കുട്ടികളോ എത്തിയില്ല.

എംഎൽഎയ്ക്കെതിരെ കേസെടുക്കണമെങ്കിൽ പൊലീസിന് അനുമതി ആവശ്യമില്ല. അറസ്റ്റ് ചെയ്യണമെങ്കിൽ നിയമസഭാ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമാണ്. 

ട്രൈബ്യൂണൽ കയ്യേറ്റം ജോയ്സ് ജോർജിനെതിരായ തെളിവു നശിപ്പിക്കാനെന്ന് പി.ടി.തോമസ്

ട്രൈബ്യൂണൽ ഓഫിസ് ആക്രമിച്ചു രേഖകൾ നശിപ്പിച്ചതു ജോയ്‌സ് ജോർജ് എംപിയുടെ ഭൂമി കയ്യേറ്റത്തിന്റെ തെളിവു നശിപ്പിക്കാനാണെന്നു പി.ടി.തോമസ് എംഎൽഎ. കുറിഞ്ഞി സങ്കേതത്തിലെ 32 ഏക്കർ ഭൂമി ജോയ്‌സ് ജോർജ് കയ്യേറിയെന്ന കേസ് പരിഗണനയിലിരിക്കെ രേഖകൾ നശിപ്പിച്ചതിൽ ദുരൂഹതയുണ്ട്.

ഭൂമി കയ്യേറ്റം സാധൂകരിക്കാൻ സർക്കാർ തലത്തിൽ ഗൂഢാലോചനയുണ്ടെന്നു പി.ടി.തോമസ് ആരോപിച്ചു. ഹൈക്കോടതിയിൽ നൽകിയ കേസിൽ പട്ടയത്തിലെ ഒപ്പും അപേക്ഷയിലെ ഒപ്പും പവർ ഓഫ് അറ്റോണിയിലെ ഒപ്പും തമ്മിൽ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നും പി.ടി.തോമസ് ആരോപിച്ചു.