Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ. ശശിക്കു പാർട്ടി കമ്മിഷൻ വക ചോദ്യംചെയ്യൽ

pk-sasi-44 പി.കെ. ശശി

തിരുവനന്തപുരം∙ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നേരിടുന്ന പി.കെ.ശശി എംഎൽഎയുടെ മൊഴി സിപിഎം അന്വേഷണ കമ്മിഷൻ രേഖപ്പെടുത്തി. എകെജി സെന്ററിൽ നടന്ന തെളിവെടുപ്പ് നാലു മണിക്കൂറോളം നീണ്ടു. പി.കെ.ശ്രീമതിയും മന്ത്രി എ.കെ.ബാലനും ചേർന്ന അന്വേഷണ കമ്മിഷനാണു ശശിയെ വിസ്തരിച്ചത്. ശശിക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാകമ്മിറ്റി അംഗമായ വനിതയുടെ മൊഴി ഇരുവരും പാലക്കാട്ടെത്തി രേഖപ്പെടുത്തിയിരുന്നു. തന്റെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് അവർ ചെയ്തത്. അതു സമർഥിക്കാനുതകുന്ന ഓഡിയോ സംഭാഷണങ്ങൾ തെളിവായും കൈമാറി.

യുവതി നൽകിയ മൊഴിയെ ആധാരമാക്കി ശശിയെ വിസ്തരിക്കുകയാണു കമ്മിഷനംഗങ്ങൾ ചെയ്തത്. താൻ തെറ്റായ ഉദ്ദേശ്യത്തോടെ യുവതിയോടു പെരുമാറിയിട്ടില്ലെന്നാണു ശശിയുടെ നിലപാടെന്നറിയുന്നു. തെളിവെടുപ്പിനുശേഷം ലിഫ്റ്റിൽ ഏറ്റവും താഴെയുള്ള കാർ പാർക്കിങ് ഏരിയയിലെത്തിയ ശശി അവിടെ എകെജി സെന്ററിന്റെ തന്നെ കാറിൽ കയറി അതിവേഗം പുറത്തേക്കു പോയി. സംഘടനാ നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ പുരോഗമിക്കുന്നുവെന്ന് എ.കെ.ബാലൻ പ്രതികരിച്ചു. എത്രയും വേഗം റിപ്പോർട്ട് പൂർത്തിയാക്കുമെന്നും എന്നാൽ അത് എപ്പോഴത്തേക്കെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ശ്രീമതി പറഞ്ഞു.

30, ഒക്ടോബർ ഒന്ന് തീയതികളിൽ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം കമ്മിഷൻ റിപ്പോർട്ട് പരിഗണിക്കും. 25നു മുമ്പു റിപ്പോർട്ട് നൽകാൻ ശ്രമിക്കണമെന്നാണു കമ്മിഷനോടു പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. 26നു പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ ചേരുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിനുകൂടി പരാതി ലഭിച്ച വിഷയമെന്ന നിലയിൽ റിപ്പോർട്ടിന്മേൽ അവരുടെ അഭിപ്രായവും തേടിയേക്കാം.

ശശിയുടെ മൊഴി രേഖപ്പെടുത്തിയശേഷം മറ്റു സാഹചര്യത്തെളിവുകളും കമ്മിഷൻ പരിശോധിക്കും. വിസ്തരിക്കാൻ ഉദ്ദേശിക്കുന്ന മറ്റു ചില വ്യക്തികളുടെ പട്ടികയും കമ്മിഷൻ തയാറാക്കിയിട്ടുണ്ട്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായ ശശിക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന സൂചനകളാണു ശക്തം. അങ്ങനെയുണ്ടായാൽ നിയമസഭാംഗമെന്ന നിലയിൽ അദ്ദേഹം തുടരുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യം സിപിഎം നേരിടുന്നു.