Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസിന്റെ നാൾവഴി

Franco Mulakkal ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ

2018 ജൂൺ 29

മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിൽ ജലന്തർ രൂപതാ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പലതവണ പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതിയിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. 

ജൂലൈ 05

കന്യാസ്ത്രീയുടെ രഹസ്യമൊഴി ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. 

ജൂലൈ 12

കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്ന കാലയളവിൽ ബിഷപ് കണ്ണൂർ ജില്ലയിലെ പരിയാരം, പാണപ്പുഴ കോൺവന്റുകളിൽ വന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദർശക റജിസ്റ്റർ പിടിച്ചെടുത്തു. 

ജൂലൈ 14

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാ. ജോസഫ് തടത്തിലിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പീഡനത്തെപ്പറ്റി കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നുവെന്നും എന്നാൽ എഴുതി നൽകിയിട്ടില്ലെന്നും ഇരുവരും പൊലീസിനെ അറിയിച്ചു. 

ജൂലൈ 18

കന്യാസ്ത്രീ നൽകിയ പരാതിയിൽ അവർ പീഡിപ്പിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നില്ലെന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അന്വേഷണസംഘത്തെ അറിയിച്ചു. ജലന്തർ ബിഷപ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നു. ജലന്തർ ബിഷപ് ഭീഷണിപ്പെടുത്തുന്നതായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും പരാതി നൽകിയിരുന്നു. ജലന്തറിലേതു ലത്തീൻ രൂപതയായതിനാലും സിറോ മലബാർ മേജർ ആർച്ച് ബിഷപിന് അവിടെ അധികാരങ്ങളില്ലാത്തതിനാലും പരാതി ബന്ധപ്പെട്ട ഇടങ്ങളിൽ നൽകാൻ ഉപദേശിച്ചതായി കർദിനാൾ പൊലീസിനെ അറിയിച്ചു. 

ജൂലൈ 24

ബിഷപ്പിനെ അജപാലന ചുമതലകളിൽനിന്നു മാറ്റിനിർത്താൻ മാർപാപ്പയെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ വനിതാ സംഘടനകളുടെ ദേശീയ നേതാക്കൾ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്ക് നിവേദനം നൽകി. 

ജൂലൈ 25

പരാതിയിൽനിന്നു പിൻമാറുന്നതിനു വൻ വാഗ്ദാനം ലഭിച്ചതായി കന്യാസ്ത്രീയുടെ കൊച്ചിയിലുള്ള ബന്ധു പൊലീസിനു മൊഴി നൽകി. 

ജൂലൈ 29

കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ വൈദികൻ ഫോണിൽ വിളിച്ച് കേസ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന സംഭാഷണം പുറത്തായി. 

ജൂലൈ 30

കേസ് ഒത്തുതീർക്കാൻ ശ്രമം നടത്തിയെന്ന ആരോപണത്തിൽ കുര്യനാട് സെന്റ് ആൻസ് ആശ്രമം പ്രിയോറും സ്കൂൾ മാനേജരുമായ ഫാ. ജയിംസ് ഏർത്തയിലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഫാ. ജയിംസ് ഏർത്തയിൽ സംസാരിക്കുന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നത്. 

ഓഗസ്റ്റ് 03

തെളിവെടുപ്പിനായി പൊലീസ് ഡൽഹിയിൽ. പീഡനം സംബന്ധിച്ച് ഉജ്ജയിൻ ബിഷപ്പിനെ അറിയിച്ചിരുന്നു എന്നു കന്യാസ്ത്രീ മൊഴി നൽകിയ സാഹചര്യത്തിൽ ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ഡൽഹിയിലെത്തിയത്. 

ഓഗസ്റ്റ് 07

അവധിയിലായിരിക്കുമ്പോഴും കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്നു കുറവിലങ്ങാട് എസ്ഐ ഷിന്റോ പി. കുര്യനെ സ്ഥലം മാറ്റി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 

ഓഗസ്റ്റ് 08

അന്വേഷണ സംഘം ജലന്തറിൽ എത്തി മിഷണറീസ് ഓഫ് ജീസസ് സന്ന്യസ്ത സമൂഹം മദർ ജനറൽ, സിസ്റ്റർമാർ എന്നിവരിൽനിന്നു മൊഴിയെടുത്തു. 

ഓഗസ്റ്റ് 13

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മെന്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലാണെന്നു കോടതി. ജലന്തറിൽ ബിഷപ്പിനെ കേരള പൊലീസ് ചോദ്യം ചെയ്തു. 

ഓഗസ്റ്റ് 30

കോതമംഗലം സ്വദേശി സോബി ജോർജിന്റെ ആവശ്യപ്രകാരമാണു ബിഷപ് ഉൾപ്പെട്ട കേസിൽ ഒത്തുതീർപ്പു നീക്കം നടത്തിയതെന്നു ഫാ. ജയിംസ് ഏർത്തയിൽ അന്വേഷണ സംഘത്തിനു മൊഴിനൽകി. 

സെപ്റ്റംബർ 08

ബിഷപ്പിന്റെ അറസ്റ്റ് വൈകരുതെന്നാവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഉപവാസ സമരം ആരംഭിച്ചു. 

സെപ്റ്റംബർ 10

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവേ ആരും നിയമത്തിന് അതീതരല്ലെന്നും മറിച്ചൊരു തെറ്റിദ്ധാരണ ആർക്കും വേണ്ടെന്നും ഹൈക്കോടതിയുടെ പരാമർശം. 

സെപ്റ്റംബർ 11

പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ രൂക്ഷവിമർശനവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. സഭാവിരുദ്ധരാണു പരാതിക്കു പിന്നിലെന്നും ബ്ലാക്ക്മെയിലിങ്ങാണു പരാതിക്കാരുടെ ലക്ഷ്യമെന്നും ആരോപിച്ചു. 

സെപ്റ്റംബർ 12

സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭ അന്വേഷണം പ്രഖ്യാപിച്ചു. ബിഷപ് 19നു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് അയച്ചു. 

സെപ്റ്റംബർ 13

ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം കാര്യക്ഷമമെന്നും സിബിഐ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി. 

സെപ്റ്റംബർ 14

ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിനു മിഷനറീസ് ഓഫ് ജീസസിന് എതിരെ കേസ്. 

സെപ്റ്റംബർ 15

ബിഷപ് ആരോപണ വിധേയനായ വിഷയത്തിൽ അന്വേഷണം നടത്തി പൊലീസ് റിപ്പോർട്ട് നൽകിക്കഴിഞ്ഞാൽ സഭ തീരുമാനങ്ങളെടുക്കുമെന്ന് അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ബിഷപ് ഭരണച്ചുമതലകൾ ഒഴിഞ്ഞു. 

സെപ്റ്റംബർ 17

കേസിൽ ശ്രദ്ധചെലുത്താൻ താൽക്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന ആവശ്യവുമായി ബിഷപ് മാർപാപ്പയ്ക്കു കത്തു നൽകി. 

സെപ്റ്റംബർ 19

ബിഷപ്പിനെ തൃപ്പൂണിത്തുറ വനിത സെൽ ഓഫിസിൽ അന്വേഷണ സംഘം 7 മണിക്കൂർ ചോദ്യം ചെയ്തു. 

സെപ്റ്റംബർ 21

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു.

related stories