Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനെയും സമരത്തെയും ഒരുമിച്ചു തള്ളി കോടിയേരി; കോടിയേരിയുടെ കണ്ടെത്തലുകൾ തള്ളി സിപിഎം മന്ത്രിമാർ

Kodiyeri Balakrishnan കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ കേസിൽ സമരത്തെ തള്ളിപ്പറഞ്ഞും സ്ത്രീപീഡനക്കേസുകളിലെ സർക്കാർ നിലപാട് വ്യക്തമാക്കിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്ര പംക്തിയിലാണു ക്രൈസ്തവ സഭയെയും വൈദികരെയും കൂടെ നിർത്താൻ ശ്രമിച്ചും ബിഷപ്പിനെ തള്ളിപ്പറഞ്ഞുമുള്ള ‘സർക്കസി’നു കോടിയേരി മുതിർന്നത്. എന്നാൽ, സമരത്തിനെതിരായ കോടിയേരിയുടെ നിലപാട് അംഗീകരിക്കുന്നില്ലെന്ന പ്രതികരണങ്ങളുമായി മന്ത്രിമാരായ ഇ.പി. ജയരാജനും ജെ. മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തി.

കന്യാസ്ത്രീകളുടെ സമരം ദുരുദ്ദേശ്യപരമാണെന്നു കഴിഞ്ഞദിവസം കോടിയേരി ആരോപിച്ചതിനു പിന്നാലെയാണു ലേഖനം വന്നത്. എന്നാൽ സമരത്തെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പിന്തുണച്ചിരുന്നു. ‘അസാധാരണമായ സമര’മെന്നാണു പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി വിശേഷിപ്പിച്ചത്. മുതിർന്ന നേതാവ് എം.എം. ലോറൻസ് സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചിരുന്നു. ‘സമരത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനും സിപിഎമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണു നോട്ടം. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുന്നു.

ബിഷപ്പിനെതിരെ പരാതി നൽകാനും പ്രത്യക്ഷ സമരത്തിനും കന്യാസ്ത്രീകൾ വന്നതു സഭയിൽ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇതു മനസിലാക്കി ആഭ്യന്തര ശുദ്ധീകരണത്തിനുള്ള കരുത്തു ക്രൈസ്തവ സഭയ്ക്കുണ്ടെന്നു കരുതുന്നു.’ ‘പരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെ തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വർഗീയ ശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ് കേസിൽ പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്നു ചിത്രീകരിക്കുന്നതു ദുരുദ്ദേശ്യപരമാണ്. സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്– നിയമ –ഭരണചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാദാക്ഷിണ്യവും എൽഡിഎഫ് ഭരണത്തിലുണ്ടാകില്ല’– കോടിയേരി വ്യക്തമാക്കി.

∙ 'കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തോടു ചോദിക്കണം. സർക്കാർ ഇരയ്ക്കൊപ്പമാണ്. അന്വേഷണം കൃത്യമായ ദിശയിലാണ്. തെറ്റു ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.' - മന്ത്രി ഇ.പി. ജയരാജൻ

∙ 'സമരം ചെയ്യാൻ കന്യാസ്ത്രീകൾക്ക് അവകാശമുണ്ട്. സമരം അവരുടെ അസ്തിത്വവുമായി ബന്ധപ്പെട്ടതാണ്. അവർക്കു കന്യാസ്ത്രീയായി ജീവിക്കാനുള്ള അവകാശത്തിനായാണു സമരം. പൗരോഹിത്യം പെണ്ണുങ്ങളെ കൈകാര്യം ചെയ്യാനുള്ള അധികാരമല്ല. വർഗീയ ലക്ഷ്യത്തോടെയാണു സമരമെന്നു കരുതുന്നില്ല.' - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

∙ 'കോടിയേരിയുടെ നിലപാട് സമരത്തിനെതിരല്ല. കേസ് രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല. കന്യാസ്ത്രീകൾക്കെന്നല്ല, ആർക്കും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടാൻ കഴിയില്ല. അതു പൊലീസ് തീരുമാനിക്കേണ്ടതാണ്.' - മന്ത്രി കടകംപള്ളി സുരേന്ദ്രൻ