Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിന്റെ മുൻ മൊഴികൾക്ക് മറുതെളിവുകളുമായി പൊലീസ്

Franco-Mulakkal

കൊച്ചി/ കോട്ടയം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻ മൊഴികൾക്കെതിരെ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു രണ്ടാം ദിവസം പൊലീസിന്റെ ചോദ്യംചെയ്യൽ. കുറവിലങ്ങാട് നാടുകുന്ന് മഠം സന്ദർശിച്ച തീയതികൾ ഓർമയില്ലെന്നും ഒരുമാസം മുൻപേ നിശ്ചയിച്ചതനുസരിച്ചാണു കന്യാസ്ത്രീക്കൊപ്പം ബന്ധുവിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതെന്നും ബിഷപ് ഇന്നലെ പറഞ്ഞതായാണു വിവരം. 

കന്യാസ്ത്രീ പൊലീസിനു നൽകിയ മൊഴി, ചങ്ങനാശേരി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ്, ബിഷപ്പിന്റെ മുൻ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദർശക റജിസ്റ്റർ, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകൾ ഉപയോഗിച്ചായിരുന്നു ചോദ്യംചെയ്യൽ. പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദർശക റജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറൻസിക് രേഖയുണ്ടെന്നും പൊലീസ് പറയുന്നു. 

കോട്ടയം എസ്പി ഹരി ശങ്കർ, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെയും ചോദ്യംചെയ്യൽ.

കുണ്ടന്നൂരിലെ ഹോട്ടലിൽ തങ്ങുന്ന ബിഷപ്പിനെ പൊലീസ് സംരക്ഷണത്തിലാണ് ഇന്നലെ ‌രാവിലെ 11.05നു തൃപ്പൂണിത്തുറ വനിതാ സെൽ കെട്ടിടത്തിലെ ചോദ്യംചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. ജലന്തർ രൂപതാ പിആർഒ ഫാ. പീറ്റർ കാവുംപുറവും ഒപ്പമുണ്ടായിരുന്നു. സഹായികളും അഭിഭാഷകരും മറ്റൊരു കാറിലെത്തി. വൈകിട്ട് ആറരയോടെ പൊലീസ് സംരക്ഷണത്തിൽത്തന്നെ തിരികെ ഹോട്ടലിലെത്തിച്ചു. 

കഴിഞ്ഞദിവസം എഐവൈഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, കനത്ത സുരക്ഷയാണു ചോദ്യംചെയ്യൽ കേന്ദ്രത്തിനു ചുറ്റും ഒരുക്കിയത്. ഇന്നലെയും എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തി. 

related stories